തിരുവനന്തപുരം: എന്തിനു വേണ്ടിയാണ് വനിതാ മതിലെന്ന് വ്യക്തമാക്കണമെന്നും ഇല്ലാത്ത ഒന്നിനെതിരെ സമരം ചെയ്യുകയാണ് സര്‍ക്കാരെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ഉയരാൻ പോകുന്നത് വർഗീയ മതിൽ തന്നെയാണ്. ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കുടുംബശ്രീ പ്രവർത്തകരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ് . മതിലില്‍ പങ്കെടുക്കാത്തവരുടെ കുടുംബശ്രീകള്‍ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നു. മതിലിന്‍റെ പേരില്‍ സര്‍ക്കാര്‍ ആര്‍ക്കെങ്കിലും എതിരെ നടപടിയെടുക്കുകയോ പുറത്താക്കുകയോ ചെയ്താല്‍ അവരെ യുഡിഎഫ് സംരക്ഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു.  ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.

വനിതാ മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ  ബാലാവകാശ കമ്മിഷൻ പറഞ്ഞത് രാഷ്ട്രീയമാണ്. ഹൈക്കോടതിക്കെതിരെ പറഞ്ഞതിന്റെ പേരിൽ അധ്യക്ഷനെതിരെ നിയമ നടപടി സ്വീകരിക്കണം. വനിതാ മതിലിനായി സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. മതിലിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്നതും വായ്പ നിഷേധിക്കുന്നതുമായ സംഭവങ്ങളുടെ കണക്ക് ശേഖരിക്കുന്നുണ്ട്. ഇതിൽ നിയമ നടപടി സ്വീകരിക്കും.

ഇടതുപക്ഷമെന്ന പേര് പറയാൻ അർഹതയില്ലാത്ത മുന്നണിയാണ് സംസ്ഥാനം ഭരിക്കുന്നത്.  ബാലകൃഷ്ണപിള്ള അഴിമതിക്കാരനാണെന്ന് പറഞ്ഞ് സുപ്രീം കോടതി വരെ പോയ വിഎസ് അച്യുതാനന്ദന്‍  പിള്ളക്കൊപ്പം ഇടത് മുന്നണിയിൽ വേദി പങ്കിടുമോ എന്ന് വ്യക്തമാക്കണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നുറപ്പായതോടെ വർഗീയ കക്ഷികളോടൊപ്പം ചേരുകയാണ്.

ബിഡിജെഎസ് വനിതാ മതിലിൽ പങ്കെടുക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് എല്ലാവർക്കും പങ്കെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഓരോ സംഘടനക്കും തീരുമാനമെടുക്കാമെന്നും രമേശ് ചെന്നിത്തല മറുപടി നല്‍കി.