ആലപ്പുഴ: പടയൊരുക്കം ജാഥയുമായി ബന്ധപ്പെടുത്തി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും വ്യാജപ്രചരണം അഴിച്ചു വിടുന്നതിനെതിരെ ഡിജിപിക്ക് പ്രതിപക്ഷ നേതാവിന്റെ പരാതി. കോട്ടയം നഗരത്തിലെ ഗതാഗതകുരുക്കില്‍ കുടുങ്ങി രണ്ട് വയസുകാരി മരിക്കാനിടയായ സംഭവത്തെ പടയൊരുക്കവുമായി ബന്ധിപ്പിച്ച് വാര്‍ത്ത നല്‍കിയതിനെതിരെയാണ് ചെന്നിത്തലയുടെ പരാതി.
കഴിഞ്ഞ 21നാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ ഐലിന്റെ മരണം സംഭവിക്കുന്നത്. ഗുളിക തൊണ്ടയില്‍ കുടുങ്ങി അപകടാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എന്നാല്‍ പടയൊരുക്കം നടക്കുന്നതിനാല്‍ ആംബുലന്‍സ് ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതാണ് മരണത്തിന് കാരണമെന്ന തരത്തില്‍ സോഷ്യല്‍ മീഡയയില്‍ പ്രചരണം നടന്നിരുന്നു.
ഈ സാഹചര്യത്തിലാണ് ചെന്നിത്തല പരാതി നല്‍കിയത്. 21ന് പടയൊരുക്കം ഇടുക്കി ജില്ലയിലാണ് പര്യടനം നടത്തിയതെന്നും കോട്ടയം ജില്ലയില്‍ എത്തിയത് 22-നായിരുന്നു എന്നുമാണ് ചെന്നിത്തല പരാതിയില്‍ വിശദീകരിക്കുന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചിത്രം ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കുകയായിരുന്നു. ഇതിനെതിരെയും നടപടി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് ഡിജിപിക്ക് കത്ത് നല്‍കിയിരിക്കുന്നത്.
