കോഴിക്കോട്: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രാഷ്‌ട്രീയ പകപോക്കലിന് ഉപയോഗിച്ചതിന്റെ അനന്തര ഫലമാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി വിരുദ്ധതയുടെ പ്രതിബിംബമായി ഡി.ജി.പി ജേക്കബ് തോമസിനെ വാഴ്ത്തിക്കൊണ്ടിരുന്നവര്‍ക്ക് ഇതുവരണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
നേരത്തെ ജേക്കബ് തോമസിനെ കയറൂരി വിട്ട് പ്രതിപക്ഷത്തെയും മറ്റ് രാഷ്‌ട്രീയ കക്ഷികളെയും ദ്രോഹിച്ചത് പെട്ടന്ന് മറക്കാന്‍ സാധിക്കില്ല. അഴിമതി വിരുദ്ധതയുടെ മുഖമായി സര്‍ക്കാര്‍ തന്നെ ഉയര്‍ത്തിപ്പിടിച്ച വ്യക്തിയായിരുന്നല്ലോ ജേക്കബ് തോമസെന്നും ചെന്നിത്തല പരിഹസിച്ചു. ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കണം. സര്‍ക്കാറിന്റെ തെറ്റായ നയങ്ങളുടെ അനന്തര ഫലമാണ് ഇത്തരത്തില്‍ ഒരു ഉയര്‍ന്നഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷനില്‍ കലാശിച്ചത്. ഇത് ഇനിയെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയണമെന്നും ചെന്നിത്തല പറഞ്ഞു.
