സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ ഇനിയൊരു സംഘര്‍ഷം ഉണ്ടാക്കുന്ന രീതിയിലേക്ക് സര്‍ക്കാര്‍ പോകരുതെന്നും ചെന്നിത്തല.

പമ്പ: ശബരിമല യുവതീപ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കുമെന്ന സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ ഇനിയൊരു സംഘര്‍ഷം ഉണ്ടാക്കുന്ന രീതിയിലേക്ക് സര്‍ക്കാര്‍ പോകരുതെന്നും ചെന്നിത്തല പ്രതികരിച്ചു. 

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ വിവേകത്തോടെ പ്രവര്‍ത്തിക്കണമെന്നും മണ്ഡലകാലത്ത് സ്ത്രീകളെ കയറ്റിയേ മതിയാവൂ എന്ന പിടിവാശി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു. പ്രളയത്തില്‍ തകര്‍ന്ന ശബരിമലയിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും ആയിട്ടില്ല. ഈ സാഹചര്യത്തില്‍ നിര്‍ബന്ധിച്ച് സ്ത്രീകളെ കയറ്റി സ്ഥിതി ഗതികള്‍ ഗുരുതരമാക്കരുതെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. മണ്ഡല കാലത്തേക്കുള്ള മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടില്ല. ഭക്തരുടെ വികാരങ്ങള്‍ സര്‍ക്കാര്‍ കണക്കിലെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.

പ്രയാർ ഗോപാലകൃഷ്ണനെ കൊണ്ട് പുനഃപരിശോധനാ ഹര്‍ജി നല്‍കിച്ചത് ശരിയായ തീരുമാനം ആയിരുന്നു. ഭക്തരുടെ വികാരം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് അവസാനം വരെയും പോരാടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തില്‍ ഇവിടെ കലാപം ഉണ്ടാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും ചെന്നിത്തല പറഞ്ഞു.