യുഎഇയില്‍ നിന്ന് അത്തരം വാർത്തകള്‍ വരുമ്പോള്‍ അതില്‍ വിശദീകരണം നല്‍കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല. കർഷകരുടെ വായ്പ എഴുതിത്തള്ളണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് കേരളത്തിന് യുഎഇ ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് അവ്യക്തത തുടരുന്നതിനിടെ മുഖ്യമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല. കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
'യുഎഇയിലുള്ള ഇന്ത്യന്‍ അംബാസിഡര്‍ അറിയിച്ചിരിക്കുന്നു, അങ്ങനെയൊരു തുക വാഗ്ദാനം ചെയ്തിട്ടില്ലെന്ന്. വളരെ ഗൗരവമുള്ള വിഷയമാണിത്. യുഎഇയും കേരളവും തമ്മില്‍ നല്ല ബന്ധമാണുള്ളത്. അവിടെ നിന്ന് 700 കോടി രൂപ നല്‍കില്ല എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുമ്പോള്‍, അത് ഔദ്യോഗികമായി യുഎഇ അംബാസിഡര്‍ ഇന്ത്യയോട് പറയുമ്പോള്‍ അതിന്‍റെ വാസ്തവം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം'- ചെന്നിത്തല പറഞ്ഞു.
യുഎഇ ധനസഹായം നല്‍കാന്‍ സന്നദ്ധത അറിയിച്ചതായിരുന്നുവെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എത്ര തുകയാണ് യുഎഇ നല്‍കാമെന്ന് അറിയിച്ചതെന്ന് വ്യക്തമാക്കാന്‍ മന്ത്രാലയം ഇനിയും തയ്യാറായിട്ടില്ല.
