തിരുവനന്തപുരം: ശുഹൈബിന്റെ കൊലപാതകത്തില്‍ ഇതുവരെ പ്രതികളെ പിടിക്കാൻ പൊലീസിന് കഴിയാത്തത് കള്ളക്കളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡമ്മി പ്രതികളെ സി പി എം കൊടുക്കുന്നതുവരെ പൊലീസ് കാത്തിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

നേതൃത്വം അറിഞ്ഞു കൊണ്ട് നടത്തിയ കൊലപാതകമാണിത്. പോലീസ് സമ്മർദത്തിൽ ആണ്. കുറ്റകൃത്യം നടത്തിയ ശേഷം പ്രതികൾക്ക് രക്ഷപ്പെടാനും പോലീസ് സഹായം ഒരുക്കി.
കണ്ണൂരിലെ സിപിഎം കൊലയാളികൾ നടത്തുന്ന സ്ഥിരം രീതിയിലാണ് കൊല നടത്തിയത്. 41 വെട്ടുകൾ ശുഹൈബിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു.

ശുഹൈബിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. അദ്ദേഹത്തിന്‍റെ മൗനം കൊലപാതകികൾക്ക് പ്രോത്സാഹനമാണ്. ഒരു കൊലയാളി പാർട്ടി ആയി സിപിഎം മാറുകയാണെന്നും ജയിലിനുള്ളിലും പുറത്തും കൊലപാതകികളെ സർക്കാർ സംരക്ഷിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

ബിനോയ് കോടിയേരി യുടെ കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. വിദേശത്ത് കേസ് ഒത്തുതീര്‍പ്പാക്കിയതെങ്ങനെയന്ന് ബിനോയ് കോടിയേരി വ്യക്തമാക്കണം. പണം കൊടുത്തെങ്കിൽ ആരു കൊടുത്തു, എങ്ങനെ കൊടുത്തു എന്നു വ്യക്തമാക്കണം. ഇനി പണം ഒന്നും കൊടുത്തിട്ടില്ലെങ്കിൽ പരാതിക്കാരൻ പരാതി കൊടുത്തത് എന്തിനായിരുന്നെന്നും ചെന്നിത്തല ചോദിച്ചു.