തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ അനധികൃത കയ്യേറ്റങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിജിലന്‍സിന് പരാതി നല്‍കും. ആരോപണങ്ങളില്‍ നിയമപരമായ പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തോമസ് ചാണ്ടി രാജിവയ്‌ക്കണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടു.
മാര്‍ത്താണ്ഡം കായല്‍ നികത്തല്‍, ലേക് പാലസിലേക്കുള്ള അനധികൃത റോഡ് നിര്‍മാണം, നിലം നികത്തി നിര്‍മിച്ച പാര്‍ക്കിങ് സ്ഥലം, കായല്‍ വളച്ച് കെട്ടി സ്വകാര്യ സ്വത്തുപോലെ കൈകാര്യം ചെയ്തത്... എന്നിങ്ങനെ തുടങ്ങി തോമസ് ചാണ്ടിയുടെ ചട്ടലംഘനങ്ങള്‍ രേഖകളും തെളിവുകളും നിരത്തിയാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നത്. സര്‍ക്കാരും പ്രതിപക്ഷവും മൗനം തുടര്‍ന്നപ്പോഴും ഫയലുകള്‍ മുക്കുന്നതും ഉദ്യോഗസ്ഥരുടെ ഒളിച്ചുകളിയുമൊക്കെ ഞങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നു. ഒടുവില്‍ പ്രതിപക്ഷം പ്രതികരിച്ചു തുടങ്ങി. അനധികൃത കയ്യേറ്റങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
എല്ലാം രാഷ്‌ട്രീയ ആരോപണം എന്ന് പറഞ്ഞ് തള്ളിയ ഭരണ കക്ഷിയും നിലപാട് മാറ്റിത്തുടങ്ങി. നിയമപരമായ പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്നും ഫയലുകള്‍ കാണാതായ സംഭവം സര്‍ക്കാര്‍ പരിശോധിച്ചുകൊണ്ടിരിക്കുയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം തോമസ് ചാണ്ടി നടത്തിയത് കുറ്റകൃത്യങ്ങളുടെ ഘോഷയാത്രയാണെന്നു രാജി ആവശ്യം ഉന്നയിച്ച് ശക്തമായ സമരം തുടരുമെന്ന് ബിജെപിയും വ്യക്തമാക്കി.
