കൊട്ടാരക്കര: പത്തനാപുരത്ത് മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ 17 കാരനെ പൊലീസ് പിടികൂടി. പത്തനാപുരത്തിനടുത്ത് പിറവന്തൂരിലാണ് മൂന്ന് വയസ് മാത്രമുള്ള പെണ്‍കുഞ്ഞ് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടത്. രണ്ട് ദിവസം മുമ്പ് പെണ്‍കുഞ്ഞിന്‍റെ വീട്ടിലെത്തിയതാണ് ബന്ധുവായ യുവാവ്. കുഞ്ഞിന്‍റെ അമ്മ കുളിക്കാന്‍ പോയ തക്കം നോക്കി ഇയാള്‍ കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നു.

അമ്മ ഇത് കണ്ടതോടെ ഇയാള്‍ വീട്ടില്‍ നിന്ന് ഓടി രക്ഷപെട്ടു. തുടര്‍ന്ന് അമ്മ പൊലീസില്‍ പരാതി നല്‍കി. ഇതോടെ ഇയാള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് പൊലീസ് ഇയാളുടെ വീട്ടിലെത്തി വിവരം ധരിപ്പിച്ചതോടെ പതിനേഴുകാരന്‍ കീഴടങ്ങുകയായിരുന്നു. ഇയാളുടെ മാതാപിതാക്കള്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. പതിനേഴുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്പാകെ ഹാജരാക്കി. മൂന്ന് വയസുകാരി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.