ബിഷപ്പ് ബലാത്സംഗം ചെയ്തെന്ന പരാതി പറഞ്ഞ കന്യസ്ത്രീയുടെ സഹോദരനാണ് ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിലാണ് കന്യാസ്ത്രീയുടെ സഹോദരനായ വൈദികന്‍റെ വെളിപ്പെടുത്തല്‍

കോട്ടയം: ലൈംഗികമായി പീഡിപ്പിച്ചെന്ന കന്യാസ്‌ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപണം. ബിഷപ്പ് ബലാത്സംഗം ചെയ്തെന്ന പരാതി പറഞ്ഞ കന്യസ്ത്രീയുടെ സഹോദരനാണ് ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിലാണ് കന്യാസ്ത്രീയുടെ സഹോദരനായ വൈദികന്‍റെ വെളിപ്പെടുത്തല്‍.

ആരോപണ വിധേയനായ ബിഷപ്പിന് കേരളത്തിലും കേന്ദ്രത്തിലും ഉന്നതമായ ബന്ധങ്ങളുണ്ട്. ഇതുമൂലം കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് വലിയ സമ്മര്‍ദ്ദമാണ് നേരിടേണ്ടിവരുന്നത് എന്നണ് റിപ്പോര്‍ട്ട്. പരാതിക്കാരിക്ക് നീതി കിട്ടുന്നില്ല. പരമാവധി വൈകിപ്പിച്ച് ഇരയെ ബലിയാടാക്കുവാന്‍ ശ്രമം നടക്കുന്നുണ്ട്. ബിഷപ്പിനെ സംരക്ഷിച്ച് കത്തോലിക്ക സഭ അതിന്‍റെ വിശ്വസ്തത ഇല്ലാതാക്കിയെന്നും വൈദികന്‍ പറയുന്നു.

അതേ സമയം ഫ്രാങ്കോ മുളയ്‌ക്കലിന്‍റെ അറസ്റ്റിന് തടസം നില്‍ക്കുന്നത് ആഭ്യന്തര വകുപ്പാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പരാതി ശരിവയ്‌ക്കുന്ന നിരവധി തെളിവുകള്‍ ശേഖരിച്ച അന്വേഷണസംഘത്തെ, കന്യാസ്‌ത്രീക്കെതിരേ ബിഷപ്‌ നിരത്തിയ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ശേഖരിക്കാന്‍ ഉന്നത തലത്തില്‍ നിന്നും നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അറസ്‌റ്റിനു തയാറെടുത്ത അന്വേഷണ സംഘവുമായി ഒരു ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‍ നടത്തിയ കൂടിക്കാഴ്‌ചയിലായിരുന്നു ഈ വഴിത്തിരിവ്‌ എന്ന് ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നു.

ബലാത്സംഗം ചെയ്യപ്പെട്ടെന്ന പരാതിയില്‍ മറ്റാരായാലും അറസ്‌റ്റ്‌ ചെയ്യപ്പെടുന്ന സാഹചര്യത്തിലും ബിഷപ്പിന്റെ കാര്യത്തില്‍ അന്വേഷണസംഘം ആഭ്യന്തരവകുപ്പിന്റെ പച്ചക്കൊടിക്കായി കാത്തുനില്‍ക്കുകയാണ്‌. ശാസ്‌ത്രീയ തെളിവുകളും മഠത്തിലെ രേഖകളും അവിടെയുണ്ടായിരുന്ന മറ്റു കന്യാസ്‌ത്രീകളുടെ മൊഴികളും ബിഷപ്പിന്‌ എതിരായിരുന്നു.