ജലന്ധർ ബിഷപ്പ് കൂടുതൽ പ്രതിരോധത്തിലേക്ക്; കന്യാസ്ത്രീയുടെ പരാതിയിൽ ക‍ർദിനാളിന്‍റെ മൊഴിയെടുക്കും
കൊച്ചി: ജലന്ധർ കത്തോലിക്കാ ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയിൽ കർദിനാളിന്റെ മൊഴിയെടുക്കും. ആലഞ്ചേരിക്ക് നൽകിയ പരാതിയുടെ പകർപ്പ് കന്യാസ്ത്രീ അന്വേഷണ സംഘത്തിന് നൽകി. അതിനിടെ കന്യാസ്ത്രീയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയെന്ന് ജലന്ധർ ബിഷപ്പ് നൽകിയ പരാതി വ്യാജമാണെന്ന് മുഖ്യസാക്ഷി വെളിപ്പെടുത്തി.
കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടിയെടുത്താൽ കൊല്ലുമെന്ന് സഹോദരൻ ഭീഷണിപ്പെടുത്തിയെന്നാണ് ബിഷപ്പ് പൊലീസിന് നൽകിയ പരാതി. ബിഷപ്പിന്റെ പഴയ ഡ്രൈവറും സഹായിയുമായ കോടനാട് സ്വദേശി സിജോ യോടാണ് സഹോദരൻ ഭീഷണിക്കാര്യം പറഞ്ഞതെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഈ സിജോ യാ ണ് ആരോപണം വ്യാജമാണെന്ന് പൊലീസിനോട് പറഞ്ഞത്.
വിമാന ടിക്കറ്റ് നല്കി ജലന്ധറിലേക്ക് വിളിച്ചു വരുത്തി കന്യാസ്ത്രീയ്ക്കതിരെ പരാതി എഴുതി വാങ്ങുകയായിരുന്നുവെന്നാണ് സിജോ യുടെ മൊഴി. ബിഷപ്പും ജലന്ധർ രൂപതയിലെ മറ്റൊരു വൈദികനും പറഞ്ഞത് അനുസരിച്ചാണ് പരാതി എഴുതിയത്. നാട്ടിൽ നിന്നും അയച്ച കത്താണെന്ന് വരുത്തി തീര്ക്കാന് സ്ഥലപ്പേരിന്റെ സ്ഥാനത്ത് കോടനാട് എന്ന് എഴുതിയതായും മൊഴിയിൽ പറയുന്നു'.
സിജോയുടെ മൊഴി പൂര്ണമായും പൊലീസ് ക്യാമറയിൽ പകര്ത്തിയിട്ടുണ്ട്. ഇതിനിടെ ജലന്ധർ ബിഷപ്പിനെതിരെ കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്ക് നൽകിയ പരാതിയുടെ പകർപ്പ് കന്യാസ്ത്രീ അന്വേഷണസംഘത്തിന് കൈമാറി. കർദിനാളിന് പുറമേ പാലാ രൂപതാ ബിഷപ്പ് കുറവലങ്ങാട് വികാരി എന്നിവരെയും പരാതി അറിയിച്ചിരുന്നുവെന്ന് കന്യാസ്ത്രി വ്യക്തമാക്കിയ സഹാചര്യത്തിൽ അന്വേഷണസംഘം ഇവരുടേയും മൊഴിയെടുക്കും.
