വൈദികര്‍ക്കെതിരായ യുവതിയുടെ മൊഴി പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: കുമ്പസാര രഹസ്യം മറയാക്കി ഭീഷണിപ്പെടുത്തി ഓര്ത്തഡോക്സ് സഭയിലെ വൈദികര് പീഡിപ്പിച്ചെന്ന പരാതിയില് യുവതിയുടെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി. സംസ്ഥാന സര്ക്കാറിനെയാണ് മൊഴി പരിശോധിച്ച് റിപ്പോര്ട്ട് നല്കാന് കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. ബിഷപ്പിന് നല്കിയ പരാതിയും മൊഴിയും പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. വൈദികര് സമര്പ്പിച്ച മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോതി.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും തെളിവുകള് ശേഖരിച്ചുവരികയാണെന്നും ഈ ഘട്ടത്തില് ജാമ്യം അനുവദിക്കരുതെന്നും ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന് കോടതിയില് ആവശ്യപ്പെട്ടു. കേസ് വിധി പറയുന്നതിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. തങ്ങള്ക്കെതിരെ ബലാത്സംഗ കേസ് ചുമത്തിയിരിക്കുന്നു. എന്നാല് യുവതിയുടെ മൊഴിയില് ബലാത്സംഗ കേസ് നിലനില്ക്കില്ലെന്ന് വൈദികര് കോടതിയില് വാദിച്ചു.
അറസ്റ്റ് തടയാനും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനും കോടതി തയ്യാറായില്ല. ഇത് ഒരു സാധാരണ കേസായി തന്നെയാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. വൈദികര്ക്ക് എതിരെ മൊഴിയുണ്ടോ എന്ന് ഇന്ന് തന്നെ പരിശോധിച്ച് റിപ്പോര്ട്ട് നല്കാന് ആവശ്യപ്പെട്ടപ്പോള് ഇതിനായി സര്ക്കാര് നാല് ദിവസം സമയം ചോദിക്കുകയായിരുന്നു. അതേസമയം ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് ഓര്ത്തഡോക്സ് സഭ ആസ്ഥാനത്ത് കാത്തോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. അറസ്റ്റ് സംബന്ധിച്ച കാര്യങ്ങള് ചര്ച്ചചെയ്തുവെന്നാണ് വിവരം. ചര്ച്ച സംബന്ധിച്ച വിവരങ്ങള് പുറത്തുവന്നിട്ടില്ല.
വീട്ടമ്മയുടെ പരാതിയില് നാല് വൈദികര്ക്കെതിരായണ് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നത്. കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നാണ് എഫ്ഐആറില് പറയുന്നത്. അഞ്ച് വൈദികര്ക്കെതിരയാണ് പീഡന ആരോപണം ഉയര്ന്നത്. പക്ഷേ വീട്ടമ്മ മൊഴി നല്കിയത് ഫാ.ജെയ്സ് കെ.ജോര്ജ്ജ്, ഫാ. എബ്രാഹം വര്ഗ്ഗീസ്, ഫാ.ജോണ്സണ് വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവര്ക്കെതിരെ മാത്രമായിരുന്നു. പ്രായപൂര്ത്തിയാകും മുമ്പും ഒരു വൈദികന് പീഡിപ്പിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം വീട്ടമ്മ മൊഴി നല്കിയിരുന്നു.
