Asianet News MalayalamAsianet News Malayalam

പ്രിയപ്പെട്ട ബെഹ്റ, വൈദികര്‍ക്കെതിരായ പീഡന ആരോപണത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ല; ഡിജിപിക്ക് വിഎസിന്‍റെ കത്ത്

  • പ്രിയപ്പെട്ട ബെഹ്റ, വൈദികര്‍ക്കെതിരായ പീഡന പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല; ഡിജിപിക്ക് വിഎസിന്‍റെ കത്ത്
Rape Allegation Against Orthodox Sabha priests Vs writes letter to behra
Author
First Published Jun 28, 2018, 5:39 PM IST

തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ പീഡിപ്പിച്ചെന്ന മല്ലപ്പള്ളി സ്വദേശിയുടെ പരാതിയില്‍ പൊലീസ് കേസെടുക്കാത്തത് വീഴ്ചയാണെന്ന് കാണിച്ച് ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍റെ കത്ത്. മാധ്യമങ്ങള്‍ വഴി ഭര്‍ത്താവായ യുവാവ് നിരവധി തവണ വെളിപ്പെടുത്തല്‍ നടത്തിയിട്ടും പൊലീസ് കേസെടുക്കാത്തത് എന്താണെന്ന് വിഎസ് ചോദിച്ചു.ക്രിമിനല്‍ കേസില്‍ പൊലീസിനെ നോക്കുകുത്തിയാക്കി ആരോപണ വിധേയര്‍ തന്നെ കേസന്വേഷിക്കുന്നത് ശരിയായ രീതിയല്ലെന്നും വിഎസ് വ്യക്തമാക്കുന്നു.

വിഎസ് ഡിജിപിക്കയച്ച കത്തിന്‍റെ പൂര്‍ണരൂപം ഇങ്ങനെ

പ്രിയപ്പെട്ട ശ്രീ. ലോക്നാഥ് ബഹ്റ, 

ഓർത്തഡോക്സ് സഭയിലെ ഏതാനും വൈദികർ ഒരു യുവതിയെ കഴിഞ്ഞ അഞ്ച് വർഷമായി ലൈംഗികമായി പീഡിപ്പിക്കുകയു ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്തതായി ഒരു പരാതി ഉയർന്നിട്ടുള്ളത് ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. തന്റെ ഭാര്യയെ കുമ്പസാര രഹസ്യങ്ങൾ വെച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിച്ചതായും, ഇക്കാര്യം പരാതിയായി സഭാ മേധാവികളെ അറിയിച്ചിട്ടുള്ളതായും തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ യുവാവ് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഗുരുതരമായ ഒരു ക്രിമിനൽ കുറ്റത്തെക്കുറിച്ചാണ് മാധ്യമങ്ങളിലൂടെ ഇപ്രകാരമുള്ള വെളിപ്പെടുത്തലുകൾ വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ, വൈദികരെ സംബന്ധിച്ച ആരോപണങ്ങൾ സഭാ-ഭദ്രാസന തലങ്ങളിൽ അന്വേഷിക്കുമെന്നാണ് സഭാ കേന്ദ്ര ത്തിൽനിന്നും പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. 

ഇത്രയും സംഭവങ്ങൾക്ക് ശേഷവും നിയമപരമായി കേസ് റജിസ്റ്റർ ചെയ്തതായി കാണുന്നില്ല. പൊലീസിനെ നോക്കുകുത്തിയാക്കി, ആരോപണ വിധേയർതന്നെ ക്രിമിനൽ കേസ് അന്വേഷിക്കുന്നത് ശരിയായ രീതിയല്ല. അതിനാൽ, ഇതുവരെ വന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്യുകയും, കുറ്റ വാളികളെ മാതൃകാപരമായി നിയമത്തിനു മുമ്പിൽ കൊണ്ടുവരികയും ചെയ്യാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് താൽപ്പര്യപ്പെടുന്നു.

കഴിഞ്ഞ മെയ് ആദ്യ വാരമാണ് തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ യുവാവ് പരാതിയുമായി രംഗത്തെത്തിയത്. സഭാ നേതൃത്വത്തിന് തന്നെയായിരുന്നു യുവാവ് പരാതി നല്‍കിയത്. കുംബസാരരഹസ്യം മറയാക്കി തന്‍റെ ഭാര്യയെ അഞ്ച് വൈദികര്‍ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. വൈദികര്‍ക്കെതിരെ നല്‍കിയ പരാതിയോടൊപ്പം ബാങ്ക് ഇടപാട് രേഖകളും , ഫോണ്‍ സംഭാഷണ ശബ്ദരേഖകളും പരാതിക്കാരന്‍ സഭയ്ക്ക് കൈമാറിയിരുന്നു.

പരാതി സ്വീകരിച്ച സഭാ നേതൃത്വം, ആരോപണ വിധേയരായ അഞ്ച് വൈദികന്‍മാരെയും താല്‍ക്കാലികമായി സസ്പെന്‍റ് ചെയ്തു. എന്നാല്‍ ഇതേ വൈദികര്‍ ഇപ്പോഴും ശുശ്രൂഷ നടത്തുന്നുണ്ടെന്നാരോപിച്ച് പരാതിക്കാരന്‍ വീണ്ടും രംഗത്തെത്തി. ആദ്യം ഭദ്രാസന മെത്രോപ്പൊലീത്തമാര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്ന് കത്തോലിക്ക ബാവക്ക് പരാതി നല്‍കുകയായിരുന്നു എന്നും പരാതിക്കാരന്‍ വെളിപ്പെടുത്തി.  

സംഭവം ഓര്‍ത്തഡോക്സ് സഭ നിരണം ഭദ്രാസനം ചുമതലപ്പെടുത്തിയ കമ്മീഷന്‍റെ നേതൃത്വത്തില്‍ അന്വേഷിച്ചുവരികയാണ്. നാഗ്പൂര്‍ വൈദിക സെമിനാരി മുന്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാദര്‍ ഡോ. റെജി മാത്യു, അഭിഭാഷകരായ മാത്യു ജോണ്‍, പ്രദീപ് മാമന്‍ മാത്യു എന്നിവരാണ് കമ്മീഷനിലെ അംഗങ്ങള്‍. ഇവര്‍ക്ക് മുമ്പില്‍ പരാതിക്കാരന്‍ തെളിവു നല്‍കിയിരുന്നു. വിവാഹ പൂര്‍വ്വ ബന്ധം കുംബസിരിക്കുമ്പോള്‍ വെളിപ്പെടുത്തിയത് മറയാക്കി, യുവതിയെ അഞ്ച് വൈദികര്‍ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്നാണ് യുവാവിന്‍റെ പരാതി.  എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസില്‍  പരാതി നല്‍കാന്‍ പരാതിക്കാരന്‍ തയ്യാറായിട്ടില്ല.

Follow Us:
Download App:
  • android
  • ios