ജലന്ധർ ബിഷപ്പിനെതിരായ പരാതി കർദ്ദിനാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുത്തു പീഡനം സംബന്ധിച്ച് പരാതി കിട്ടിയില്ലെന്ന് മൊഴി കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്താനാണ് സംഘം ബംഗളൂരുവിൽ

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ് അന്വേഷിക്കുന്ന സംഘം ഇന്ന് ബംഗളൂരുവിലേക്ക് പോകും. അടുത്ത കാലത്ത് മിഷണറീസ് ജീസസ് സന്യാസിനി സമൂഹത്തിൽ നിന്നും മാറിയ കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്താനാണ് സംഘം ബംഗളൂരുവിൽ പോകുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചാൽ അടുത്ത ആഴ്ച ജലന്ധറിൽ പോയി ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

അതേസമയം, ലൈംഗിക പീഡനം സംബന്ധിച്ച് പരാതിക്കാരായിയ കന്യാസ്ത്രീ തന്നോടു പറഞ്ഞിട്ടില്ലെന്നാണ് കർദിനാൾ ജോർജ്ജ് ആലഞ്ചേരിയുടെ മൊഴി. മഠത്തിലെ പ്രശ്നങ്ങൾ സംബന്ധിച്ചാണ് തന്നോട് പറഞ്ഞതെന്നും ഇക്കാര്യം മേലധികാരികളെ അറിയിക്കാൻ താൻ നിർദ്ദേശിച്ചെന്നും കർദിനാൾ പൊലീസിനു നൽകിയ മൊഴിയിലുണ്ട്. സിറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട്ടെ സെൻറ് തോമസ് മൗണ്ടിൽ വച്ചാണ് പ്രത്യേക അന്വേഷണ സംഘം കർദ്ദിനാളിൻറെ മൊഴിയെടുത്തത്.

മൊഴിയെടുപ്പ് രണ്ടര മണിക്കൂർ നീണ്ടു. ബിഷപ്പ് ഫ്രാങ്കോ മുളക്കൽ പീഡിപ്പിച്ചതു സംബന്ധിച്ച് കന്യാസ്ത്രീ പരാതി നൽകിയിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം കർദ്ദിനാളിനെ കണ്ടത്. അതീവ രഹസ്യ സ്വഭാവം ഉള്ളതെന്ന് കന്യാസ്ത്രീ പരാതിയിൽ രേഖപ്പെടുത്തിയിരുന്നതിനാലാണ് സംഭവം സംബന്ധിച്ച് മറ്റോരോടും പറയാതിരുന്നതെന്നും കർദിനാൾ അന്വേഷണ സംഘത്തോട് പറഞ്ഞു. 2014 മെയ് മുതൽ രണ്ട് വർഷത്തിനിടയിൽ 13 പ്രാവശ്യം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രിയുടെ മൊഴി.