ആലപ്പുഴ: മാവേലിക്കരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. ഭരണിക്കാവ് സ്വദേശി വിഷ്ണുവാണ് പിടിയിലായത്. 5 വർഷം മുമ്പ് മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തടവ് ശിക്ഷ അനുഭവിച്ചയാളാണ് വിഷ്ണു.

മാവേലിക്കര കുറത്തികാട് സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി 22കാരനായ വിഷ്ണു പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദ്ധാനവും നൽകിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. ഓണ സമ്മാനം വാങ്ങി നൽകാമെന്ന് പറഞ്ഞ് രാവിലെ പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി. മാവേലിക്കര റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി ഇക്കാര്യങ്ങൾ മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് കുറത്തികാട് പൊലീസിൽ പരാതി നൽകി. ഇതറിഞ്ഞ വിഷ്ണു ഒളിവിൽ പോയി. വിഷ്ണുവിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ പിന്തുടർന്ന പൊലീസ് ചെങ്ങന്നൂരിന് സമീപം പെണ്ണുക്കരയിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

മാവേലിക്കര സി.ഐ. പി. ശ്രീകുമാറിന്റേയും കുറത്തികാട് എസ്.ഐ. എ.സി. വിപിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിഷ്ണുവിനെ പിടികൂടിയത്. 5 വർഷം മുമ്പ് മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിഷ്ണു തടവുശിക്ഷ അനുഭവിച്ചതാണ്. ഇടുക്കി നെടുങ്കണ്ടത്തുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായിരുന്നു അന്ന് പീഡനത്തിനിരയായത്.