കോഴിക്കോട് താമരശ്ശേരിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പെരുമ്പള്ളി ചെറുപ്ലാട് സ്വദേശി കുഞ്ഞുമോനെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്. മാര്‍ക്കറ്റിംഗ് കമ്പനിയിലെ ജീവനക്കാരിയായ തിരുവനന്തപുരം സ്വദേശിനിയെയാണ് ലൈംഗിക പീഡനം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ആക്രമിച്ചത്.

താമരശ്ശേരി കോരങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ തിരുവനന്തപുരം സ്വദേശിനിയെയാണ് കുഞ്ഞുമോന്‍ ക്രൂരമായ പീഡനത്തിനിരയാക്കിയത്. ഒക്ടോബര്‍ പന്ത്രണ്ടിനായിരുന്നു സംഭവം. പെരുമ്പള്ളി ചെറുപ്ലാട് മേഖലയില്‍ ഗൃഹോപകരണങ്ങളുടെ വില്‍പ്പനക്കെത്തിയ യുവതി ഇയാളുടെ വീട്ടില്‍ നിന്ന് മടങ്ങവെ അടുത്ത വീട് കാണിച്ച് തരാമെന്ന് പറഞ്ഞ് പിന്നാലെയെത്തിയ പ്രതി ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സംശയം തോന്നിയ യുവതി തിരിച്ച് പോരാനൊരുങ്ങിയപ്പോള്‍ കാട്ടിലേക്ക് വലിച്ചിഴച്ചു. ലൈംഗിക പീഡനം എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ചുണ്ടിലും മുഖത്തും ക്രൂരമായ മര്‍ദ്ധനമേറ്റ യുവതി ഓടി രക്ഷപ്പെടുകയും താഴ് ഭാഗത്തുള്ള വീട്ടില്‍ അഭയം തേടുകയും ചെയ്‍തു. പിന്നീട് പൊലീസില്‍ പരാതിപ്പെട്ടു. താരമശ്ശേരി പോലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചു. ഇതിനകം പ്രതി വനത്തില്‍ കയറി രക്ഷപ്പെട്ടിരുന്നു. നാട്ടുകാരും പൊലീസും ദിവസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കക്കാടംപൊയിലിലെ ആദിവാസി കോളനിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ താമരശ്ശേരി എസ് ഐ സായൂജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‍തു.