കോഴിക്കോട്: ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് കാക്കൂര്‍ സ്വദേശി ഷിജുവിനെയാണ് ബാലുശേരി പോലീസ് പിടികൂടിയത്. കോഴിക്കോട് കാക്കൂര്‍ പെരുമ്പൊയില്‍ സ്വദേശിനിയും ഭിന്നശേഷിക്കാരിയുമായ സ്ത്രീ രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് പീഡിപ്പിക്കപ്പെട്ടത്. ഈ കേസില്‍ കാക്കൂര്‍ പെരുമ്പൊയില്‍ വട്ടോളിച്ചാലില്‍ മീത്തല്‍ ഷിജു അറസ്റ്റിലായി. ഒളിച്ച് കഴിയുകയായിരുന്ന പ്രതിയെ തോട്ടുമുക്കം കൊടിയന്‍മലയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

49 കാരിയായ സ്ത്രീയെ അവരുടെ വീട്ടില്‍ വച്ച് പകല്‍ സമയത്താണ് പീഡിപ്പിച്ചത്. ഇവരുടെ സഹോദരന്‍ വീട്ടിലെത്തിയപ്പോള്‍ പ്രതി ഇറങ്ങി ഓടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

പീഡനത്തിന് ശേഷം ഷിജു തമിഴ്നാട്ടിലേക്ക് മുങ്ങി. അവിടെ വിവിധ ക്വാറികളില്‍ ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. ബാലുശേരി പോലീസ് ഇവിടെ എത്തിയെങ്കിലും ഷിജു തന്ത്രപൂര്‍വം രക്ഷപ്പെട്ടു.

പിന്നീട് പ്രതിയുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാള്‍ അരീക്കോട് ഉണ്ടെന്ന് മനസിലായതും പോലീസ് അറസ്റ്റ് ചെയ്യുന്നതും. പേരാമ്പ്ര കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.