കണ്ണൂർ മുഴക്കുന്നിൽ ബലാത്സംഗത്തിനിരയായ എഴുപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിലായി. ആറളം പന്നിമൂല സ്വദേശിയും സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗവുമായ മാവിലവീട്ടിൽ പി എം രാജീവൻ ആണ് അറസ്റ്റിലായത്. പയഞ്ചേരിയിലെ ഇയാളുടെ സഹോദരിയുടെ വീട്ടിൽ വെച്ചാണ് ബന്ധുകൂടിയായ വൃദ്ധയെ ഇയാൾ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം കഴിഞ്ഞ് പുറത്തുവന്ന റിപ്പോർട്ടിൽ, മരിച്ച സരോജിനി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നുവെന്ന് വ്യക്തമായതോടെ പൊലീസ് കസ്റ്റഡിയിൽ എടുത്തവരിൽ ഉൾപ്പെട്ടയാളായിരുന്നു ബന്ധുവായ രാജീവൻ. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കഴിഞ്ഞ 30നായിരുന്നു മുഴക്കുന്നിലെ തറവാട്ട് വീട്ടിൽ വെച്ച് സരോജിനി ആത്മഹത്യ ചെയ്തത്. ഇതേദിവസം പയഞ്ചേരിയിലെ മകന്റെ വീടുപണി നടക്കുന്ന സ്ഥലത്തും ബന്ധുവീടായ പ്രതിയുടെ സഹോദരിയുടെ വീട്ടിലും ഇവർ പോയിരുന്നു. ഇതിൽ പ്രതിയുടെ പയഞ്ചേരിയിലുള്ള സഹോദരിയുടെ വീട്ടിൽ വെച്ചാണ് ബലാത്സംഗം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഈ സമയം പ്രതിയുടെ സഹോദരി വീട്ടിലുണ്ടായിരുന്നില്ലെ.

പ്രതി രാജീവന്റെ സഹോദരിയെയും ഭാര്യയെയും പൊലീസ് ചോദ്യം ചെയ്തു. സംഭവ സമയത്ത് താൻ സ്വന്തം വീട്ടിലായിരുന്നുവെന്ന് രാജീവൻ കളവ് പറഞ്ഞത്, ഇയാളുടെ ഭാര്യയുടെ മൊഴിയെടുത്തതോടെ പൊളിഞ്ഞതാണ് കേസിൽ പ്രതിയെ പിടികൂടാൻ സഹായിച്ചത്. മരിച്ച സരോജിനിയുടെ സ്വകാര്യഭാഗങ്ങലിലെ മുറിവുകൾക്ക് പുറമെ ബലപ്രയോഗം നടന്നതിന്റെ ഭാഗമായി 18 പരിക്കുകളും മുറിവുകളും പോസറ്റ്മോർട്ടം നടത്തിയതോടെ കണ്ടെത്തിയരുന്നു. ഇത് കേസിൽ വലിയ തെളിവാകും.