സിപിഐ നേതാവ് പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി
തൃശൂര്: എളവളളിയിൽ വനിതാപ്രവര്ത്തകയെ സിപിഐ നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. പാര്ട്ടി നേതൃത്വത്തോട് പരാതിപ്പെട്ട യുവതിയോട് വളരെ മോശമായി പെരുമാറിയെന്നും ആക്ഷേപമുണ്ട്. യുവതിയുടെ പരാതിയില് സിപിഐ എളവള്ളി ലോക്കല് കമ്മിറ്റി അംഗം സി കെ രമേശനെതിരെ പാവറട്ടി പൊലീസ് കേസെടുത്തു.
തൃശൂര് എളവള്ളിയില് കഴിഞ്ഞ ഒരു വര്ഷമായി സിപിഐയുടെ സജീവ പ്രവര്ത്തകയാണ് പരാതിക്കാരി. ഭര്ത്താവിന്റെ കൂട്ടുകാരൻ കൂടിയായ രമേശൻ വീട്ടില് കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഭര്ത്താവ് വിദേശത്തേക്ക് പോയ ശേഷമാണ് ഇയാളില് നിന്ന് മോശം പെരുമാറ്റം ഉണ്ടായത്.
ഉടൻ പ്രാദേശിക സിപിഐ നേതൃത്വത്തെ അറിയിച്ചു. അപ്പോള് പ്രതികരണം വളരെ മോശമായിരുന്നെന്ന് യുവതി പറഞ്ഞു. തുടര്ന്ന് പാവറട്ടി പൊലീസിനും വനിതാസെല്ലിനും പരാതി കൊടുത്തു. പാര്ട്ടി കൈവിട്ടതോടെ ആത്മഹത്യയുടെ വക്കിലാണ് യുവതി.
സിപിഐ എളവള്ളി ലോക്കല് കമ്മിറ്റി അംഗം സി കെ രമേശനെതിരെ അന്വേഷിച്ച് റിപ്പോര്ട്ട് സമര്പ്പിക്കാൻ ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല് രമേശനെ പാര്ട്ടിയില് നിന്ന് പുറത്താക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
