കോഴിക്കോട്: വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി അധ്യാപക സംഘടനാ നേതാവിനെതിരെ കേസെടുത്തു.കോഴിക്കോട് അത്തോളി എടക്കര എഎസ് വി എല്‍  യുപി സ്കൂളിലെ അധ്യാപകന്‍ നാരായണനെതിരെയാണ് കേസെടുത്തത്. സംഭവത്തിന് ശേഷം നാരായണന്‍ ഒളിവിലാണ്.

ബിജെപിയുടെ അധ്യാപക സംഘടനയായ നാഷണല്‍ സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ നേതാവ് ടി എ നാരായണനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അത്തോളി എടക്കര എഎസ് സ്കൂളിലെ 7 അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്നാണ് കേസ്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുവേണ്ടി നാരായണന്‍ പ്രത്യേക ക്ലാസ് എടുത്തിരുന്നു. ഈ ക്ലാസിലെത്തുന്ന കുട്ടികളെ പലപ്പോഴായി പീഡിപ്പിച്ചെന്നാണ് പരാതി.സംഭവമറിഞ്ഞ രക്ഷിതാക്കള്‍ സ്കൂളിലെത്തി പ്രതിഷേധിച്ചു.

രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനും, പ്രധാനാധ്യാപികക്കും പരാതി നല്‍കി. അത്തോളി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നാരായണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിന് ശേഷം നാരായണന്‍ ഒളിവിലാണ്. അഞ്ച് വര്‍ഷം മുന്‍പും ഈ അധ്യാപകനെതിരെ സമാനമായ പരാതി ഉയര്‍ന്നിരുന്നു.താക്കീത് നല്‍കിയതൊഴിച്ചാല്‍ അന്ന് മറ്റ് നടപടികളൊന്നും നാരായണനെതിരെ സ്വീകരിച്ചിരുന്നില്ല.