കൊല്ലം: കൊല്ലത്ത് പതിനാറുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസ് രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ചയായിട്ടും ഒളിവിലുള്ള അഞ്ച് പ്രതികളെയും പിടികൂടാനാകാതെ പോലീസ്. മുഖ്യപ്രതിയെ പോലീസ് അന്ന് തന്നെ പിടികൂടിയെങ്കിലും രണ്ട് വനിതകള്‍ ഉള്‍പ്പടെ കേസിലെ മറ്റ് അഞ്ച് പ്രതികളും ഇപ്പോഴും ഒളിവിലാണ്. ഒളിവിലിരുന്ന് ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം. 

അറസ്റ്റ് വൈകിച്ച് ഇവര്‍ക്ക് ജാമ്യം കിട്ടാനുള്ള അവസരം പൊലീസ് ഒരുക്കുന്നുവെന്ന ആക്ഷേപവും ഉണ്ട്. കഴിഞ്ഞ 21 നാണ് ബലാല്‍സംഗക്കേസ് കൊല്ലം ഈസ്റ്റ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. അന്ന് തന്നെ അറസ്റ്റ് ചെയ്ത മുഖ്യപ്രതിയായ ഫൈസലിന്റെ കസ്റ്റഡി അപേക്ഷ വൈകിപ്പിച്ച പൊലീസ് ഇന്നലെ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി. നെടുമ്പന പഞ്ചായത്തിലെ സിപിഎം അംഗത്തിന്റെ മകനാണ് ഇയാള്‍. 

സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് 16 കാരിയെ അഞ്ച് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തത്. ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന കൊല്ലം ഈസ്റ്റ് സ്‌റ്റേഷന് തൊട്ടുമാറി മുണ്ടയ്ക്കല്‍ എന്ന സ്ഥലത്തെ ഒരു ഗസ്റ്റ്ഹൗസില്‍ വച്ചാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്.

സംഭവം നടന്ന കൊല്ലം നഗരമധ്യത്തിലെ, പൊലീസ് സ്‌റ്റേഷന് തൊട്ടടുത്തുള്ള വ്യവസായിയുടെ ഗസ്റ്റ് ഹൗസില്‍ മദ്യപസംഘങ്ങള്‍ സ്ഥിരം അടിപിടി ഉണ്ടാക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. 

എപ്പോഴും അടഞ്ഞുകിടക്കുന്ന കൊല്ലത്തെ ഒരു വ്യവസായുടെ ഈ ഗസ്റ്റ്ഹൗസ് രാത്രികാലങ്ങളില്‍ മാത്രം തുറക്കും. മദ്യപിച്ചെത്തുന്ന സഘങ്ങള്‍ സ്ഥിരം അടിപിടിയുണ്ടാക്കും. അയല്‍വാസികള്‍ പല തവണ പരാതി പറഞ്ഞിട്ടും പൊലീസ് മൗനം പാലിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.