ഓരോ മിനിറ്റിലും ലൈംഗിക പീഡനം നടക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ദിനം പ്രതി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. പീഡനത്തിന് കാരണം അവര്‍ ധരിക്കുന്ന വസ്ത്രമാണെന്ന് സമൂഹം പലപ്പോഴും ഉന്നയിക്കാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ സ്ത്രീകള്‍ രൂക്ഷവിമര്‍ശനത്തിന് ഇരയാവുന്ന സാഹചര്യത്തിലാണ് വ്യത്യസ്തമായൊരു വസ്ത്ര പ്രദര്‍ശനം ബ്രസല്‍സില്‍ നടക്കുന്നത്. 

ലൈംഗിക പീഡനത്തിന് ഇരയായവര്‍ ആ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളുടെ പ്രദര്‍ശനമാണ് നടന്നത്. 'ഈസ് ഇറ്റ് മൈ ഫാള്‍ട്ട്' എന്നാണ് പ്രദര്‍ശനത്തിന്റെ പേര്. പാന്റുകള്‍, പൈജാമകള്‍, കുര്‍ത്തികള്‍, കുഞ്ഞുടുപ്പുകള്‍ തുടങ്ങിയവാണ് പ്രദര്‍ശനത്തിലുള്ളത്.. 'മൈ ലിറ്റില്‍ പോണി' എന്നെഴുതിയ കുഞ്ഞുടുപ്പുകളാണ് കാഴ്ചക്കാരെ ഏറെ വേദനിപ്പിക്കുന്നത്.

പ്രശസ്ത സൈക്കോളജിസ്റ്റ് സാന്ദ്ര ഷുള്‍മാനാണ് എക്‌സിബിഷന്റെ സംഘാടകരില്‍ ഒരാള്‍. പീഡനത്തിന് ഇരയായവരെ അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നവരുടെ കണ്ണുതുറപ്പിക്കുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം. എന്നാല്‍ കുറ്റം ഇരയുടെതാക്കി മാറ്റാനാണ് ഈ കുറ്റപ്പെടുത്തലെന്നും, വസ്ത്രമല്ല മനുഷ്യരാണ് ബലാത്സംഗം ചെയ്യപ്പെടുന്നതെന്നും സംഘാടകര്‍ പറഞ്ഞു.