മധ്യപ്രദേശിലെ ബര്‍വാനി ജില്ലാ കോടതിയിലാണ് നടകീയമായ സംഭവം അരങ്ങേറിയത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 28കാരനായ വിജയ് സോളങ്കി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും10 വര്‍ഷം തടവും 7,000 രൂപ പിഴ വിധിക്കുകയും ചെയ്തു
ബര്‍വാനി: വിധി കേട്ട് കോടതിയില്‍ നിന്നും പ്രതി ഇറങ്ങി ഓടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജഡ്ജി വിധി പ്രഖ്യാപിക്കെയാണ് സംഭവം. മധ്യപ്രദേശിലെ ബര്‍വാനി ജില്ലാ കോടതിയിലാണ് നടകീയമായ സംഭവം അരങ്ങേറിയത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 28കാരനായ വിജയ് സോളങ്കി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും10 വര്‍ഷം തടവും 7,000 രൂപ പിഴ വിധിക്കുകയും ചെയ്തു.
2015ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ രാജ്പൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാൾ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. ഇതിന് ശേഷം കോടതിയില്‍ വിധി കേള്‍ക്കാനായി ഇയാളെ ഹാജരാക്കുകയായിരുന്നു. വിധി കേട്ട് നിന്ന സോളങ്കി അസ്വസ്ഥനാകുകയും പൊലീസുകരെ വെട്ടിച്ച് ഇറങ്ങിയോടുകയായിരുന്നു. ഇയാളുടെ പിന്നാലെ പൊലീസുകർ ഓടിയെങ്കിലും ആളെ കണ്ടെത്താനായില്ല.
ഇതേ തുടർന്ന് കോടതി പൊലീസുകാരെ രൂക്ഷമായി വിമർശിക്കുകയുണ്ടായി. ഒരു പ്രതിയെ കോടതിയില്‍ ഹാജരാക്കുമ്പോൾ പാലിക്കേണ്ട സുരക്ഷ നടപടികൾ പാലിച്ചില്ലെന്നാണ് ആരോപണം. സോളങ്കിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. പ്രദേശത്തെ ലോഡ്ജുകളും വനപ്രദേശങ്ങളും ഉൾപ്പടെ പ്രതിയുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായും പെലീസ് കൂട്ടി ചേർത്തു.
