ഭോപ്പാല്‍: തന്നെ മൂന്ന് മണിക്കൂര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയവര്‍ക്ക് നേരെ നിയമപാലകര്‍ കണ്ണടച്ചപ്പോള്‍ അവരെ പിടികൂടാന്‍ പീഡനത്തിനിരയായ 19കാരി തന്നെ നേരിട്ടിറങ്ങി. ബലാത്സംഗത്തിനിരയായവര്‍ക്കെതിരെ പരാതിപ്പെട്ടിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി തന്നെ തന്‍റെ മാനം കവര്‍ന്നവരെ പിടികൂടിയത്.

ഭോപ്പാല്‍ നഗരത്തിലെ ഏറ്റവും തിരക്കേറിയ ഹബീബ്ഗഞ്ജ് റെയില്‍വേ സ്റ്റേഷന് സമീപം ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് പെണ്‍കുട്ടി മാനഭംഗത്തിനിരയായത്. സിവില്‍ സര്‍വ്വീസ് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ഗോലു ബിഹാരി, അമര്‍ ഗുണ്ടു എന്നിവര്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോയാണ് മാനഭംഗപ്പെടുത്തിയത്. പിന്നീട് ഇവരുടെ സുഹൃത്തുക്കളായ രാജേഷ്, രമേഷ് എന്നിവര്‍ ചേര്‍ന്ന് മൂന്ന് മണിക്കൂറോളം മാനഭംഗപ്പെടുത്തിയതായും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. കല്ലുകൊണ്ട് തലയ്ക്കടിക്കുകയും കാലും കൈയ്യും കെട്ടിയിടുകയും ചെയ്തതായും പരാതിയിലുണ്ട്.

പെണ്‍കുട്ടിയുടെ കയ്യിലുണ്ടായിരുന്നു പണവും വാച്ചും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തു. ഗോലു ബിഹാരി മകളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ആളാണ്. പരാതിയുമായി പെണ്‍കുട്ടിയും മാതാപിതാക്കളും ഹബീബ്ഗഞ്ജ്, എം.പി നഗര്‍ പൊലീസിനെയും റെയില്‍വേ പൊലീസിനെയും സമീപിച്ചെങ്കിലും നടപടിയെടുത്തില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. സിനിമാക്കഥയുമായി വന്നിരിക്കുകയാണെന്നായിരുന്നു ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പരിഹസിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി സ്വയം കുറ്റവാളികളെ പിടികൂടാന്‍ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. പ്രതികളില്‍ രണ്ടുപേരെ ബുധനാഴ്ച പെണ്‍കുട്ടി തന്‍റെ മാതാപിതാക്കളുടെ സഹായത്തോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് അധികൃതര്‍ തയ്യാറായത്. ഗോലു ബിഹാരി ചധാര്‍, അമര്‍ ഗുണ്ടു എന്നിവരെയാണ് പിടികൂടിയത്. രാജേഷ്, രമേഷ് എന്നീ രണ്ടുപേര്‍കൂടി പിടിയിലാകാനുണ്ട്. 

സംഭവം വിവാദമായത്തോടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. സിറ്റി പൊലീസ് സൂപ്രണ്ടിനെ സ്ഥലംമാറ്റി. മൂന്ന് ഇന്‍സ്പെക്ടര്‍മാര്‍, ഒരു എസ്.ഐ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തതെന്ന് ഡി.ജി.പി. ആര്‍.കെ ശുക്ല അറിയിച്ചു. കേസിന്‍റെ വിചാരണ അതിവേഗ കോടതിയില്‍ നടത്തുമെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.