വനിത പൊലീസിന്‍റെയും ഡോക്ടറിന്‍റെയും സേവനം ഗ്രാമത്തില്‍ ലഭിച്ചില്ല

ഭോപ്പാല്‍: ക്രൂര പീഢനത്തിന് ഇരയായ ശേഷം തളരാത്ത മനസുമായി പോരാടാന്‍ തീരുമാനമെടുത്ത പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത് കടുത്ത വെല്ലുവിളികള്‍. കഴിഞ്ഞ ഞായറാഴ്ചയാണ് ഭോപ്പാലിലെ മോറീന ജില്ലയില്‍ പതിനാറുകാരിയായ പെണ്‍കുട്ടി കൂട്ട ബലാലത്സംഗത്തിന് ഇരയായത്. രാത്രിയില്‍ നാലംഗ സംഘം ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ ശേഷം ഉപദ്രവിക്കുകയായിരുന്നു.

ചന്ദന്‍ സിംഗ്, സോന്‍പാല്‍ സിംഗ്, ധര്‍മേന്ദ്ര സിംഗ്, ജാന്‍വീര്‍ സിംഗ് എന്നിവരാണ് കേസിലെ പ്രതികളെന്നും സംഭവത്തിന് ശേഷം അവര്‍ യുവതിയെ ഫാമില്‍ ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പക്ഷേ, വേദന കൊണ്ട് പുളഞ്ഞപ്പോഴും നിശ്ചയദാര്‍ഡ്യം കെെവിടാന്‍ അവള്‍ ഒരുക്കമായില്ല. എങ്ങനെയൊക്കെയോ വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് കാര്യങ്ങള്‍ പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയോടെ അവര്‍ പെണ്‍കുട്ടിയുമായി പൊലീസ് സ്റ്റേഷനിലെത്തി. പക്ഷേ, വനിത പൊലീസ് ഉദ്യോഗസ്ഥരില്ലാതെ പീഢനക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ല. നാഗരയിലെ അടുത്തുള്ള സ്റ്റേഷനുകളിലോ വനിത പൊലീസുകാര്‍ ഇല്ലാത്തതിനാല്‍ 75 കിലോമീറ്റര്‍ യാത്ര ചെയ്ത് മോറീന ടൗണില്‍ മാതാപിതാക്കള്‍ പെണ്‍കുട്ടിയുമായി യാത്ര ചെയ്തു.

വനിത ഡോക്ടറിന്‍റെ സേവനവും പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ ലഭിച്ചിരുന്നില്ല. അതിനും താണ്ടേണ്ടി വന്നത് 75 കീലോ മീറ്ററാണ്. പോക്സോ ആക്ട് പ്രകാരവും കൂട്ട ബലാത്സംഗത്തിനും പ്രതികളുടെ മേല്‍ കേസെടുത്തിട്ടുണ്ടെന്ന് നാഗര പൊലീസ് സ്റ്റേഷന്‍റെ ചാര്‍ജുള്ള ശിവപ്രതാപ് സിംഗ് പറഞ്ഞു.