ഒരാഴ്ച മുമ്പാണ് രണ്ട് പേർ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ഇവര്‍ മാനസികമായി തകര്‍ന്നിരുന്നുവെന്ന് ബന്ധുക്കള്‍
മുസാഫര്‍നഗര്‍: തന്നെ ബലാത്സംഗം ചെയ്തവര്‍ക്കെതിരെ നിയമനടപടികളെടുക്കാന്‍ പൊലീസ് അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഷംലി സ്വദേശിനിയായ 23കാരിയാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി വിഷം കഴിച്ചത്. ബന്ധുക്കളാണ് ഉടന്‍ തന്നെ ഡോക്ടര്‍മാരെ വിവരമറിയിച്ചത്. ഇപ്പോള്‍ യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഒരാഴ്ച മുമ്പാണ് രണ്ട് പേര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തിരുന്നുള്ളൂ. കേസില്‍ മറ്റ് തുടര്‍നടപടികളുമുണ്ടായില്ല. സംഭവത്തിന് ശേഷം യുവതി മാനസികമായി തകര്‍ന്ന നിലയിലായിരുന്നുവെന്നും ഇതിനിടയിലാണ് കേസില്‍ കാര്യമായ പുരോഗതിയില്ലെന്ന് അറിഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു. ഇതാകാം ഇവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും ബന്ധുക്കള്‍ സൂചിപ്പിക്കുന്നു.
അതേസമയം യുവതിയുടെയും ബന്ധുക്കളുടെയും ആരോപണം പൊലീസ് തള്ളി. കേസന്വേഷണം തുടരുന്നുണ്ടെന്നും രണ്ടാം പ്രതിയെ ഉടന്‍ പിടികൂടുമെന്നും ഇവര്‍ അറിയിച്ചു.
