ബിജെപി എംഎൽഎ ബലാത്സംഗം ചെയ്ത യുവതി മജിസ്ട്രേറ്റ് മുറിയിൽ പൂട്ടിയിട്ടു

ഉത്തർപ്രദേശിൽ ബലാത്സംഗത്തിനിരയായ യുവതിയെ ജില്ലാ മജിസ്ട്രേറ്റ് മുറിയിൽ പൂട്ടിയിട്ടെന്ന് വെളിപ്പെടുത്തൽ. ജീവന് ഭീഷണിയുണ്ടെന്നും ബിജെപി എംഎൽഎയുടെ ബലാത്സംഗത്തിനിരയായ യുവതി വെളിപ്പെടുത്തി. എംഎൽഎ ബലാത്സംഗം ചെയ്തെന്ന യുവതിയുടെ ആരോപണത്തിൽ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

ഉത്തർപ്രദേശിലെ ഉന്നാവോ മണ്ഡലത്തിലെ എംഎൽഎയായ കുൽദീപ് സിംഗ് സെങ്കറിനെതിരെ കൂടുതൽ ആരോപണവുമായി യുവതി രംഗത്തെത്തിയിരിക്കുകയാണ്. എംഎൽഎ ബലാത്സംഗം ചെയ്തെന്ന് പരാതിപ്പെട്ടപ്പോൾ ജില്ലാ മജിസ്ട്രേറ്റ് തന്നെ ഒരു മുറിയിൽ പൂട്ടിയിട്ടെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ആദ്യം ജില്ലാ മജിസ്ട്രേറ്റിന്റെ വീട്ടിൽ പൂട്ടിയിട്ടെന്നും പിന്നീട് സ്ഥലത്തെ ഒരു ഹോട്ടലിലേക്ക് മാറ്റുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

എംഎൽഎ ബലാത്സംഗം ചെയ്തന്ന യുവതിയുടെ ആരോപണത്തിൽ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തെപ്പറ്റി നേരിട്ട് വിവരം ശേഖരിക്കാൻ കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. ഇതേസമയം കേസിൽ സിബിഐ അന്വേഷണം വേണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി അടുത്തയാഴ്ച്ച പരിഗണിക്കും. കുൽദീപ് സിംഗ് സെങ്കർ ബലാത്സംഗം ചെയ്തെന്നാരോപിച്ച് യുവതിയും കുടുംബവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നിൽ കഴിഞ്ഞ ആഴ്ച്ചയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

യുവതിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനെത്തുടർന്ന് എംഎൽഎയുടെ സഹോദരനായ അതുൽ സിംഗ് സെങ്കറിനെയും മറ്റ് നാല് പേരെയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ അച്ഛന്റെ ശരീരത്തിൽ 14 മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടത്തിൽ കണ്ടെത്തിയിരുന്നു.