പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരനായ ഇരുപത് വയസുകാരനാണ് പീഡിപ്പിച്ചത്. കാറ്ററിങ് തൊഴിലാളിയായ ഇയാള്‍ ഹോളി ആഘോഷിക്കാനാണ്  സഹോദരന്റെ വീട്ടിലെത്തിയത്.

ലക്നൗ: സ്വന്തം അച്ഛന്റെ സഹോദരന്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ മൂന്ന് വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍. ഉത്തര്‍പ്രദേശിലെ ലക്‍നൗവിലാണ് സംഭവം. കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയമാക്കിയ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 

പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരനായ ഇരുപത് വയസുകാരനാണ് പീഡിപ്പിച്ചത്. കാറ്ററിങ് തൊഴിലാളിയായ ഇയാള്‍ ഹോളി ആഘോഷിക്കാനാണ് സഹോദരന്റെ വീട്ടിലെത്തിയത്. മൂന്ന് വയസുകാരിക്ക് മിഠായി വാങ്ങി കൊടുത്ത ശേഷം പ്രദേശത്ത് നിര്‍മ്മാണം നടന്നുവന്ന ഒരു വീടിനുള്ളില്‍ കൊണ്ടുപോയി പീ‍ഡിപ്പിക്കുകയായിരുന്നു. വിടീന് മുന്നില്‍ കഴിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് അവശനിലയില്‍ കുട്ടിയെ കണ്ടെത്തിയത്. 

പ്രതി നേരത്തെ ഈ സ്ഥലത്ത് ചുറ്റിത്തിരിയുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. സംഭവത്തിന് പിന്നില്‍ ഇയാളാണെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ പ്രതിയെയും ക്രൂരമായി മര്‍ദ്ദിച്ചു. ഇതിന് ശേഷമാണ് പൊലീസില്‍ വിവരം അറിയിച്ച് പ്രതിയെ കൈമാറിയത്. ബലാത്സംഗത്തിന് പുറമെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിന് പോക്‌സോ നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.