കൊളംബിയ: സെപ്റ്റംബര്‍ 11 ന് കൊളംബിയയില്‍ സന്ദര്‍ശനത്തിനായി എത്തുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കാത്തിരിക്കുന്നത് യൂച്ചാരിസ്റ്റിക്ക് കമ്മ്യൂണിക്കേറ്റേര്‍സ് ഓഫ് ദ ഹെവന്‍ലി ഫാദര്‍ സന്യാസിനി സമൂഹത്തിന്‍റെ തകര്‍പ്പന്‍ റാപ്പ് സംഗീതമാണ്. 28 കാരിയായ മരിയ വാലന്‍റൈനായാണ് റാപ്പ് സംഗീതത്തിന് നേതൃത്വം കൊടുക്കുന്നത്.

'ലെറ്റ്സ് ടെയ്ക്ക് ദ ഫസ്റ്റ് സ്റ്റെപ്പ്' എന്ന ഗാനമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് മുമ്പില്‍ മരിയ ആലപിക്കുക. ഞങ്ങള്‍ക്കറിയാവുന്ന സംഗീതത്തിലൂടെ ഞങ്ങളുടെ സ്നേഹം മാര്‍പ്പാപ്പയ്ക്ക് മുമ്പില്‍ പ്രകടിപ്പിക്കുകയാണ് റാപ്പിലൂടെയെന്നാണ് മരിയ പറയുന്നത്. 'അനദര്‍ ലെവല്‍' എന്ന ടെലിവിഷന്‍ കോംപറ്റീഷനില്‍ മരിയ വിജയിയായിരുന്നു. റാപ്പ് സംഗീതത്തിന്‍റെ നിഷേധാത്മകതയാണ് തന്നെ ഇതിലേക്ക് ആകര്‍ഷിച്ചതെന്നാണ് മരിയ പറയുന്നത്.

ഏറ്റവും ആധുനികമായ വഴികളിലൂടെ ദൈവത്തെ ആള്‍ക്കാരിലേക്ക് എത്തിക്കുകയാണ് തന്‍റെ സംഗീതത്തിലൂടെ മരിയ. ഇതുവരെ രണ്ട് റെക്കോര്‍ഡിങ്ങുകളാണ് ഈ സന്യാസിനി നടത്തിയിട്ടുള്ളത്. ഇനിയും കൂടുതല്‍ റെക്കോര്‍ഡിങ്ങുകള്‍ ഉണ്ടാകുമെന്നും മരിയ പറയുന്നു.

എന്നാല്‍ തന്‍റെ ശബ്ദത്തെ ആള്‍ക്കാര്‍ ഇഷ്ടപ്പെടുന്നതിന് ഉപരിയായി യേശുവുമായി ജനങ്ങളെ ഇഷ്ടത്തിലാക്കാനാണ് ആഗ്രഹിക്കുന്നതെന്നും മരിയ പറയുന്നു. ഇവിടെ മരിയക്ക് റാപ്പ് സംഗീതം പാഷന്‍ മാത്രമല്ല മറിച്ച് ദൈവത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കലുകൂടിയാണ്.