പരിക്ക് മൂലം താരം കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലനത്തിനിറങ്ങിയിരുന്നില്ല

മോസ്കോ: നഷ്ടങ്ങളുടെയും വേദനകളുടെയും കഥയാണ് ഇംഗ്ലണ്ടിന് ലോകകപ്പുകള്‍ എപ്പോഴും സമ്മാനിക്കുക. 1966ല്‍ ലോകകപ്പ് നേടിയ ശേഷം ശ്രദ്ധിക്കപ്പെടുന്ന നേട്ടങ്ങളൊന്നും പറയാന്‍ ഇംഗ്ലണ്ടിനില്ല. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുള്ള സംഘമായി ലോകകപ്പിന് വന്ന് എവിടെയും എത്താതെ മടങ്ങുന്ന ഇംഗ്ലീഷ് ടീം ആരാധകരെ തെല്ലൊന്നുമല്ല സങ്കടപ്പെടുത്താറുള്ളത്. ഇത്തവണ യുവതാരങ്ങളെ ടീമിലെത്തിച്ച് അത്ഭുതങ്ങള്‍ കാണിക്കാമെന്ന വിശ്വാസത്തിലാണ് ഇംഗ്ലണ്ട് ടീമിന്‍റെ പരിശീലകന്‍ ഗാരത് സൗത്ത്ഗേറ്റ്.

എന്നാല്‍, കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുണെെറ്റഡിന്‍റെയും ഇംഗ്ലണ്ടിന്‍റെയും മിന്നും താരം മാര്‍ക്കസ് റാഷ്ഫോര്‍ഡിന് പരിക്കേറ്റത് വീണ്ടും തിരിച്ചടികള്‍ക്കുള്ള തുടക്കം കുറിക്കലാണോയെന്ന് ടീമൊന്നാകെ ഒന്ന് ഭയന്നു. തിങ്കളാഴ്ച പരിശീലനത്തിനിടെയാണ് റാഷ്ഫോര്‍ഡിന്‍റെ മുട്ടിന് പരിക്കേറ്റത്.

പിന്നീട് പരിശീലനം നടത്താതിരുന്ന താരം വ്യാഴാഴ്ച സംഘത്തില്‍ നിന്ന് മാറി ഒറ്റയ്ക്ക് പരിശീലനത്തിലേര്‍പ്പെട്ടു. ഇതോടെ താരത്തിന്‍റെ സേവനം ടീമിന്‍റെ ആദ്യ മത്സരങ്ങളില്‍ ലഭിക്കുമോയെന്ന ആശങ്കകള്‍ വര്‍ധിച്ചു. എന്നാല്‍, ഇന്ന് ടീം പരിശീലനത്തിനിറങ്ങിയപ്പോള്‍ പരിക്കിന്‍റെ ഒരുവിധ ലക്ഷങ്ങളുമില്ലാതെ റാഷ്ഫോര്‍ഡ് ഒപ്പമിറങ്ങി. ടൂണീഷ്യക്കെതിരെ തിങ്കളാഴ്ചയാണ് ഇംഗ്ലീഷ് ടീമിന്‍റെ ലോകകപ്പിലെ ആദ്യ പോരാട്ടം.

കോസ്റ്റോ‍റിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന്‍റെ അവസാന സന്നാഹ മത്സരത്തില്‍ ഗോള്‍ നേടി താന്‍ മികച്ച ഫോമിലാണെന്ന് റാഷ്ഫോര്‍ഡ് തെളിയിച്ചിരുന്നു. 2016ലെ യൂറോയില്‍ പകരക്കാരനായിറങ്ങി ഗോള്‍ നേടി ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനും റാഷ്ഫോര്‍ഡിന് സാധിച്ചിരുന്നു. പരിക്ക് മാറിയെത്തിയെങ്കിലും റാഷ്ഫോര്‍ഡിന് ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യത കുറവാണ്. എങ്കിലും സൂപ്പര്‍ സബ്സ്റ്റിറ്റ്യൂട്ട് ആയി അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ റാഷിന് സാധിക്കുമെന്ന് ഇംഗ്ലീഷ് ആരാധകര്‍ വിശ്വസിക്കുന്നു.