റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന അരിയില്‍ ഭൂരിഭാഗവും കഴിക്കാന്‍ പറ്റാത്തതിനാല്‍ റേഷന്‍ കാര്‍ഡുടമകളില്‍ പലരും റേഷനരി മറിച്ചുവില്‍ക്കുകയാണിപ്പോള്‍. സൗജന്യമായും രണ്ടു രൂപ നിരക്കിലും കിട്ടുന്ന അരി കിലോഗ്രാമിന് പത്തും പന്ത്രണ്ടും രൂപയ്ക്കാണ് ചില കാര്‍ഡുടകമകള്‍ വില്‍ക്കുന്നത്. കോഴിക്കും താറാവിനും പശുവിന് കഴിക്കാന്‍ കൊടുക്കുന്നത് വേറെയും. റേഷന്‍വാങ്ങാത്തവര്‍ക്ക് ഒരു നിശ്ചിത തുക കൃത്യമായി വിതരണം ചെയ്യുന്ന റേഷന്‍കടയുടമകളും കേരളത്തിലുണ്ട്.

റേഷന്‍ കടകളില്‍ കൂടിയും മൊത്തവിതരണ കേന്ദ്രങ്ങള്‍ വഴിയും കരിഞ്ചന്തയിലൂടെ ഒഴുകുന്ന റേഷന്‍സാധനങ്ങള്‍ കഴിച്ച് ബാക്കിയുള്ളവ നാട്ടുകാര്‍ വാങ്ങുന്നുണ്ട്. കഴിക്കാന്‍ പറ്റാത്ത അരി വീട്ടില്‍ വളര്‍ത്തുന്ന കോഴിക്കോ പശുവിനോ താറാവിനോ കൊടുക്കും.

പക്ഷേ നാട്ടുകാരില്‍ ചിലരും ഇപ്പോള്‍ കരിഞ്ചന്തക്കാരായിക്കഴിഞ്ഞു. മാസം ഇരുപതും ഇരുപത്ത‌ഞ്ചും കിലോഗ്രാം അരി സൗജന്യമായി വാങ്ങുന്ന ബിപിഎല്ലുകാരിലും ഏഴും എട്ടും കിലോഗ്രാം ആരി രണ്ട് രൂപയ്ക്ക് വാങ്ങുന്ന എപിഎല്ലുകാരിലും വലിയൊരു വിഭാഗം ഇപ്പോള്‍ അരി മറിച്ചുവില്‍ക്കുകയാണ്. പത്തുംപ്രന്ത്രണ്ട് രൂപയ്ക്കാണ് മറിച്ചുവില്‍പന.

ഇതു കൂടാതെ സ്ഥിരമായി റേഷന്‍വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് റേഷന്‍കടഉടമകള്‍ വഴി പ്രത്യേക ഓഫറുമുണ്ട്. ഓരോ മാസവും ഇരുന്നൂറും മൂന്നൂറും അഞ്ഞൂറും രൂപ വരെ കാര്‍ഡുടമകള്‍ക്ക് നല്‍കുന്നവരുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഓരോ മാസവും നമ്മുടെ പൊതുവിതരണ സംവിധാനത്തിന് വേണ്ടി കോടികള്‍ ഒഴുക്കുന്നുണ്ടെങ്കിലും റേഷന്‍സാധനങ്ങള്‍ കൃത്യമായി ഉപയോഗിക്കുന്നവര്‍ എത്രയെന്ന ചോദ്യമാണുയരുന്നത്.