കൊല്ലം: ജില്ലയില്‍ വിതരണം ചെയ്യപ്പെട്ട റേഷൻകാര്‍ഡുകളില്‍ വ്യാപക തെറ്റുകള്‍. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇതുമായി ബന്ധപ്പെട്ട 1400 പരാതികളാണ് ജില്ലാ സപ്ലൈ ഓഫീസിലെത്തിയത്..അതേസമയം റേഷൻ കാര്‍ഡിലെ തെറ്റുമായി ബന്ധപ്പെട്ട പരാതികള്‍ വാങ്ങുന്നത് സപ്ലൈ ഓഫീസ് അധികൃതര്‍ നിര്‍ത്തി വച്ചു

ചോര്‍ന്നൊലിക്കുന്ന വീട്, പൊളിഞ്ഞ് ദ്രവിച്ചിരിക്കുന്ന ചുമരുകള്‍..ഏത് സമയവും ഇടിഞ്ഞ് വീഴാറായ ഇവിടെ ജീവൻ പണയം വച്ച് താമസിക്കുന്ന ഫിലിപ്പും തങ്കമ്മയും..ദാരിദ്ര്യം കുടെപ്പിറപ്പായ ഇവര്ക്ക് സര്‍ക്കാര്‍ നല്‍കിയ സമ്മാനമാണ് ഈ എപിഎല്‍ റേഷൻ കാര്‍ഡ്. ക്യാൻസര്‍ ബാധിച്ച് വര്‍ഷങ്ങള്‍ക്ക് മുൻപ് ഫിലിപ്പിന്‍റെ കാല്‍മുറിച്ച് മാറ്റി. അന്ന് മുതല്‍ ജോലിക്ക് പോകാനാകുന്നില്ല.ഭിക്ഷയെടുത്താണ് ജീവിക്കുന്നത്

റേഷൻ കാര്‍ഡ് എപിഎല്‍ ആയതിനാല്‍ സര്‍ക്കാറിന്‍റെ വിവിധ ചികിത്സാ സഹായ പദ്ധതികളുടെ ആനുകൂല്യവും ഇവര്‍ക്കിപ്പോള്‍ ലഭിക്കുന്നില്ല..മൂന്ന് തവണ ജില്ലാ സപ്ലൈ ഓഫീസില്‍ ഇവര്‍ കയറിയിറങ്ങി. തെറ്റ് തിരുത്തല്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി എന്നാണ് ലഭിച്ച മറുപടി.ർ കേരളത്തില്‍ ആദ്യം പുതിയ റേഷൻ കാര്‍ഡ് വിതരണം ചെയ്ത ജില്ലയാണ് കൊല്ലം. 

വിതരണം തുടങ്ങിയത് മുതല്‍ പരാതി പ്രവാഹം തുടങ്ങി. നിലവില്‍ ലഭിച്ചിട്ടുള്ള പരാതികളില്‍ തീര്‍പ്പുണ്ടാക്കിയ ശേഷം പുതിയ അപേക്ഷ സ്വീകരിച്ചാല്‍ മതിയെന്നാണ് സപ്ലൈ ഓഫീസിന്‍റെ തീരുമാനം.