റേഷന്‍ പ്രതിസന്ധിയില്‍ വലയുകയാണ് സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍. ഭക്ഷ്യസുരക്ഷാനിയമപ്രകാരമുള്ള പട്ടികയിലേക്ക് പേര് ചേര്‍ക്കുന്നതിലെ പിഴവും കാലതാമസവും റേഷന്‍ കടയിലെ അരിയില്ലായ്മയും എല്ലാം പാവപ്പെട്ടവരുടെ വയറ്റത്തടിച്ചിരിക്കുകയാണ്.

കാലങ്ങളായി ബിപിഎല്‍ പട്ടികയില്‍ പെട്ടയാളാണ് തിരൂര്‍ പരിയാപുരം അകിട്ടുകായില്‍ അവറാന്‍. ഇദ്ദേഹമടക്കം 11 പേരാണ് കുടുംബത്തില്‍. ആര്‍ക്കും പറയത്തക്ക വരുമാനമാര്‍ഗ്ഗമൊന്നുമില്ല. ഇത്തവണ 13 രൂപയ്‍ക്ക് ഇദ്ദേഹത്തിന് കിട്ടിയത് 450 ഗ്രാം അരിയും ഒന്നരകിലോയ്‌ക്കടുത്ത് ഗോതമ്പും. കാരണം ചോദിച്ചപ്പോഴാണ് ഇദ്ദേഹം ഭക്ഷ്യസുരക്ഷാനിയമപ്രകാരം ഉള്ള മുന്‍ഗണനാപട്ടികയില്‍ ഇല്ലെന്നറിഞ്ഞത്. പുറമെ നിന്നു വലിയ വില കൊടുത്ത് അരിവാങ്ങാനുള്ള സാമ്പത്തികശേഷി ഇപ്പോഴില്ലെന്ന് പറയുന്ന അവറാന്‍ പരാതിയുമായി അധികൃതരെ സമീപിച്ചിരിക്കുകയാണ്

പുതിയസാഹചര്യത്തില്‍ ഇത്രയും അരികൊടുക്കാനേ കഴിയൂ എന്ന് റേഷന്‍കടക്കാരന്‍ പറയുന്നു.

സര്‍ക്കാര്‍ നടപടികള്‍ ചട്ടംപോലെ നടപ്പാക്കുന്നതിന്‍റെ കാലതാമസം കാരണം സാധാരണക്കാരുടെ കഞ്ഞികുടിയാണ് മുട്ടുന്നത്.