പനാജി: രാവണന്‍ ജനിച്ചത് ലങ്കയിലല്ലെന്നും ഇന്ത്യയിലെ നോയ്ഡയിലാണെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയായ കരുണാനിധിക്ക് രാവണനും അദ്ദേഹത്തെ പോലെ ദ്രാവിഡനാണെന്ന വിശ്വാസമുണ്ടായിരുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞു.

ഇന്ത്യന്‍ ഇതിഹാസമായ രാമായണത്തില്‍ ലങ്കയിലെ രാജാവായ രാവണന്‍ ദില്ലിയിലെ ഗ്രാമമായ ബിസ്രാഖിലാണ് ജനിച്ചതെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ഗോവയില്‍ നടന്ന ഒരു ചടങ്ങില്‍ പ്രസംഗിച്ചത്. രാമനെ ചിലര്‍ വെറുക്കുന്നത് അദ്ദേഹം ഉത്തരേന്ത്യയില്‍ നിന്നുള്ളതായത് കൊണ്ടാണ്.

കൂടാതെ, ലങ്കയിലെ ദ്രാവിഡനെന്ന് അവര്‍ വിശ്വസിക്കുന്ന രാവണനെ കൊന്നത് കൊണ്ടുമാണ്. പക്ഷേ, രാവണന്‍ ജനിച്ചത് നേയ്ഡയിലാണ്, അവിടെ സന്ദര്‍ശിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. രാവണന്‍ തപസ് അനുഷ്ഠിച്ചത് മാനസരോവറിലാണ്.

അവിടെയാണ് ശിവന്‍ പ്രസാദിച്ച് വരം നല്‍കിയത്. അതിന് ശേഷമാണ് കുബേരനെ പരാജയപ്പെടുത്തി ലങ്ക സ്വന്തമാക്കിയത്. രാവണന്‍ ബ്രാഹ്മണനാണ്. സാമവേദവും അദ്ദേഹത്തിന് അറിയുമായിരുന്നു. പക്ഷേ, കരുണാനിധി രാവണന്‍ ദ്രാവിഡനാണെന്ന് വിശ്വസിച്ചു.

അത് കൊണ്ടാണ് താന്‍ പറഞ്ഞ കാര്യങ്ങളെയെല്ലാം കരുണാനിധി എതിര്‍ത്തത്. ബ്രിട്ടീഷുകാരാണ് ഉത്തരേന്ത്യയിലെ ആര്യന്മാരെടെയും ദക്ഷിണേന്ത്യയിലെ ദ്രാവിഡന്മാരുടെയും മനസുകള്‍ വിഭജിപ്പിച്ചത്. നമ്മള്‍ എല്ലാം ഒന്നാണ്. അല്ലാതെ ബ്രിട്ടീഷുകാര്‍ ചരിത്ര പുസ്തകങ്ങളില്‍ എഴുതിയ പോലെ ദുരത്ത് എവിടെ നിന്നും വന്നവരല്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.