ആന്റണി ഫെർണാണ്ടസ് എന്ന പേരിലായിരുന്നു ഈ ആഫ്രിക്കൻ രാജ്യത്ത് കഴിഞ്ഞത്. 2013ലാണ് തിരിച്ചറിയൽ കാർഡ് നേടിയത്. കമേർസ്യൽ ഏജന്റ് എന്നായിരുന്നു അറിയിച്ചത്. മൈസൂർ സ്വദേശി എന്നാണ് അവിടുത്തെ സർക്കാരിനെ അറിയിച്ചത്.
ദില്ലി: രവി പൂജാരി ബുർക്കിനോ ഫാസോയിൽ കഴിഞ്ഞത് വ്യാജ മേൽവിലാസത്തിൽ. ബുർക്കിനോ ഫാസോയിൽ രവി പൂജാരി ഉപയോഗിച്ച തിരിച്ചറിയൽ കാർഡിന്റെ കോപ്പി ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ആന്റണി ഫെർണാണ്ടസ് എന്ന പേരിലായിരുന്നു ഈ ആഫ്രിക്കൻ രാജ്യത്ത് കഴിഞ്ഞത്. 2013ലാണ് തിരിച്ചറിയൽ കാർഡ് നേടിയത്. കമേർസ്യൽ ഏജന്റ് എന്നായിരുന്നു അറിയിച്ചത്. മൈസൂർ സ്വദേശി എന്നാണ് അവിടുത്തെ സർക്കാരിനെ അറിയിച്ചത്.
ബുർക്കിന ഫാസോയിലാണെന്ന വിവരത്തെത്തുടർന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങിയപ്പോൾ പൂജാരി സെനഗലിലേക്ക് കടക്കുകയായിരുന്നു. സെനഗലിലെ പട്ടണമായ ഡാക്കറിൽ നമസ്തേ ഇന്ത്യ എന്ന പേരിൽ ഒരു റസ്റ്റോറന്‍റും പൂജാരി നടത്തിയിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്. ഇവിടെ വെച്ചാണ് അറസ്റ്റുണ്ടായത്. കൊലപാതകവും തട്ടിക്കൊണ്ടുപോകലുമടക്കം അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ പൂജാരിക്കെതിരെ ബെംഗളൂരു പൊലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഗുജറാത്ത്, മഹാരാഷ്ട്ര പൊലീസുകളും ഇയാളെ തേടിക്കൊണ്ടിരുന്നു. അടുത്തിടെ കൊച്ചി കടവന്ത്രയിലെ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ അന്വേഷണവും പൂജാരിയിലേക്ക് എത്തി. ഇയാളുടെ രണ്ട് സഹായികളെ കഴിഞ്ഞയാഴ്ച മുംബൈ പൊലീസ് പിടികൂടിയിരുന്നു. വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയതിനായിരുന്നു ഇത്. പൂജാരിയെ ഇന്ത്യയിലെത്തിച്ചാൽ കൂടുതൽ കേസുകളിൽ തുമ്പുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസുള്ളത്.
