അയോധ്യ കേസില്‍ സമ്മർദ്ദം ശക്തമാക്കി കേന്ദ്രം. സുപ്രീം കോടതി കേസ് വേഗത്തിൽ തീർപ്പാക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. 

ദില്ലി: അയോധ്യ കേസില്‍ സമ്മർദ്ദം ശക്തമാക്കി കേന്ദ്രം. സുപ്രീം കോടതി കേസ് വേഗത്തിൽ തീർപ്പാക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. ശബരിമല വിധി വേഗം തീർപ്പാക്കിയ കോടതി എന്തിന് ഇക്കാര്യത്തിൽ മടികാണിക്കുന്നു എന്നും രവിശങ്കർ പ്രസാദ് ചോദിച്ചു.

അതിനിടെ രവിശങ്കർ പ്രസാദിന്‍റെ പ്രസ്താവന നിർഭാഗ്യകരമെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് പ്രതികരിച്ചു. അയോധ്യ കേസിൽ കോടതിയെ സമ്മർദ്ദത്തിലാക്കുന്നത് അവസാനിപ്പിക്കണം. കോടതിയിൽ നിലവിലുള്ള കേസിൽ നിയമമന്ത്രി ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമെന്നും ബോർഡ് സൂചിപ്പിച്ചു.

അയോധ്യാ കേസ് വേഗത്തിലാക്കണമെന്ന അപേക്ഷ സുപ്രീംകോടതി അടുത്തമാസം നാലിന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസർക്കാർ നീക്കം. വേഗം തീർപ്പാക്കാനുള്ള കേസുകൾക്ക് ഫാസ്റ്റ്ട്രാക്ക് സംവിധാനം നിലവിലുണ്ട്. അയോധ്യ കേസിന് സമാന പരിഗണന നല്‍‌കണം. ശബരിമല കേസിൽ തുടർച്ചയായി വാദം കേട്ട് പെട്ടെന്ന് വിധി പ്രസ്താവിക്കാൻ കോടതിക്ക് കഴിഞ്ഞുവെങ്കിൽ എന്തുകൊണ്ട് അയോധ്യ കേസിലും ഇതായിക്കൂടാ എന്നും നിയമമന്ത്രി ചോദിച്ചു. ഭരണഘടനയിൽ രാമന്‍റെയും, കൃഷ്ണന്‍റെയും അക്ബറിന്‍റെയും പേരുണ്ട്. അതിൽ ഇല്ലാത്ത ബാബറെ ആരാധിക്കേണ്ടതില്ലെന്നും രവിശങ്കർപ്രസാദ് പറഞ്ഞു. നിലവിലുള്ള കേസിൽ മന്ത്രിയുടെ പ്രസ്താവന എല്ലാ പരിധിയും ലംഘിക്കുന്നതാണെന്ന് ഇടതുപാർട്ടികളും മുസ്ലിം വ്യക്തിനിയമബോർഡും പ്രതികരിച്ചു. 

ആർഎസ്എസും വിശ്വഹിന്ദു പരിഷത്തും നിലപാട് കടുപ്പിക്കുമ്പോഴാണ് കോടതിയെ സമ്മർദ്ദത്തിലാക്കുന്ന പ്രസ്താവനയുമായി നിയമമന്ത്രി രംഗത്തുവരുന്നത്. ശബരിമല, ജല്ലിക്കട്ട് കേസുകളിലെ താല്‍പര്യം കോടതി ഇക്കാര്യത്തിൽ കാണിക്കണമെന്ന് ആർഎസ്എസ് നേതാവ് കൃഷ്ണ ഗോപാലും ആവശ്യപ്പെട്ടു. രാമക്ഷേത്ര നിർമ്മാണത്തിന് ഓഡിനൻസ് കൊണ്ടുവരില്ല എന്ന് ബിജെപി ആവർത്തിക്കുമ്പോഴും നിയമന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പിന് മുമ്പ് പലതും പ്രതീക്ഷിക്കാം എന്ന സൂചന നല്‍കുന്നു.