ഗുരുഗ്രാം: റയാന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഗുരുഗ്രാം കോടതിയാണ് 11-ാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ജാമ്യാപേക്ഷ തള്ളിയത്. കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ക്കായി വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്ത് വരികയാണെന്ന് സിബിഐ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. 

കഴിഞ്ഞ സെപ്റ്റംബര്‍ 8 നാണ് സ്‌കൂളിലെ ശുചിമുറിയില്‍ പ്രദ്യുമ്‌നനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബസ് കണ്ടക്ടറായ അശോക് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയെന്നുമായിരുന്നു ഹരിയാന പൊലീസിന്റെ കണ്ടെത്തല്‍. അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നുമാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തുവന്നതോടെ സര്‍ക്കാര്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുകയായിരുന്നു.