തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും നല്‍കാന്‍ ബാങ്കുകള്‍ക്കും ട്രഷറിക്കുമായി 1200 കോടി രൂപ വീതം നല്‍കുമെന്ന് റിസര്‍വ് ബാങ്ക് ഉറപ്പു നല്‍കിയെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്. പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ വിളിച്ച ഉന്നത യോഗത്തിലാണ് തീരുമാനം. നികുതി വരുമാനം കുത്തനെ കുറഞ്ഞതിനാല്‍ അടുത്തമാസത്തെ ശമ്പളം എങ്ങനെ നല്‍കുമെന്നതില്‍ ആശങ്കയുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

ഇന്നും നാളെയുമായി ശമ്പളവും പെന്‍ഷനും അക്കൗണ്ടുകളിലേക്കെത്താനിരിക്കെ കടുത്ത ആശങ്ക തുടരുകയാണ്. സര്‍ക്കാരിനു പക്കല്‍ പണമുണ്ടെന്ന് ധനമന്ത്രി. എന്നാല്‍ കറന്‍സിക്ഷാമം ബാങ്കുകളിലും ട്രഷറികളിലുമുണ്ട്. വിതരണത്തിനായി 1200 കോടി രൂപ വീതം ബാങ്കുകള്‍ക്കും ട്രഷറിക്കും നല്‍കാമെന്ന് ആര്‍ ബി ഐ ഉറപ്പു നല്‍കിയെന്ന് ധനമന്ത്രി. എന്നാല്‍ പിന്‍വലിക്കണ്‍ പരിധി 24,000 ആയി തുടരും. 1000 കോടി രൂപ നാളെയെത്തും.

ഇത്തവണത്തേക്കാള്‍ പ്രതിസന്ധി രൂക്ഷമാകും അടുത്തമാസം. നികുതി വരുമാനം കുത്തനെ കുറഞ്ഞതിനാല്‍ ശമ്പളവും പെന്‍ഷനും നല്‍കാനാകുമോ എന്നാണ് ആശങ്കയെന്ന് ധനമന്ത്രി.

സര്‍ക്കാര്‍ ജീവനക്കാരേയും പെന്‍ഷന്‍കാരേയും ചേര്‍ത്ത് 10ലക്ഷം പേര്‍ക്കായി 3000 കോടിയിലേറെ രൂപയാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. ഇതില്‍ അഞ്ചരലക്ഷം പേര്‍ ബാങ്ക് വഴിയും നാലുലക്ഷംപേര്‍ ട്രഷറികള്‍ വഴിയും അരലക്ഷം പേര്‍ നേരിട്ടും ശമ്പളം കൈപ്പറ്റുന്നുണ്ട്.