തിരുവനന്തപുരം: ആര്‍സിസി ഡയറക്ടര്‍ക്ക് മൂന്നാം തവണയും കാലാവധി നീട്ടി നല്‍കാന്‍ നീക്കം. പുതിയ ഡയറക്ടറെ കണ്ടെത്താനായി സേര്‍ച്ച് കമ്മറ്റിയെ നിയോഗിക്കാനുള്ള ആരോഗ്യവകുപ്പിന്റെ ശുപാര്‍ശ മുഖ്യമന്ത്രി തള്ളി. കാരുണ്യ പദ്ധതി നടത്തിപ്പിലടക്കം ആര്‍സിസിയില്‍ ക്രമക്കേടുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണിത്.

ഡോ. പോള്‍ സെബാസ്റ്റ്യനാണ് ഇപ്പോഴത്തെ ആര്‍.സി.സി ഡയറക്ടര്‍.ഇദ്ദേഹം ഈ പദവിയിലെത്തിയിട്ട് പത്തു വര്‍ഷമായി. ഇനിയും കാലാവധി നീട്ടി നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. പോള്‍ സെബാസ്റ്റ്യനെ നിലനിര്‍ത്താന്‍ മുഖ്യമന്ത്രി താല്‍പര്യമെടുക്കുന്നുവെന്നാണ് വിവരം. പുതിയ ആര്‍.സി.സി ഡയറക്ടറെ നിയമിക്കാന്‍ കഴിഞ്ഞ വര്‍ഷം തന്നെ ആരോഗ്യവകുപ്പ് നടപടി തുടങ്ങിയിരുന്നു. സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള നടപടികളാണ് തുടങ്ങിയത്.

ഇതുസംബന്ധിച്ച ഫയല്‍ കഴി‍ഞ്ഞ ഒക്ടോബറില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറി. ഇതിനൊപ്പം കൊച്ചി കാന്‍സര്‍ കെയര്‍ സെന്‍റര്‍ ഡയറക്ടറെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള ശുപാര്‍ശയും മുഖ്യമന്ത്രിക്ക് കൈമാറി. കൊച്ചിയുടെ കാര്യത്തില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു.പക്ഷേ ആര്‍.സി.സിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി അനുമിതി നല്‍കിയില്ല .ഈ സാഹചര്യത്തില്‍ പോള്‍ സെബാസ്റ്റ്യന് ഡയറക്ടര്‍ സ്ഥാനത്ത് തുടരാനാവും.