ചെന്നൈ: ശശികലയ്ക്കെതിരായ പനീർശെൽവത്തിന്റെ നീക്കത്തിന് സമ്മിശ്ര പ്രതികരണമാണ് പലഭാഗത്തും ലഭിച്ചത്. ഒ പി എസിന്റെ പ്രസ്താവനയെ വിമത അണ്ണാ ഡി എം കെ എം പി ശശികല പുഷ്പ സ്വാഗതം ചെയ്തപ്പോൾ ശക്തമായ വിമർശനവുമായി തമ്പിദുരൈ രംഗത്തെത്തി. പടക്കം പൊട്ടിച്ചാണ് അണികളിൽ ചിലർ ഒ പി എസിന്റെ നിലപാടിന് പിന്തുണ അറിയിച്ചത്.
ഒറ്റക്ക് പോരാടുമെന്ന് പനീർശെൽവം പ്രഖ്യാപിച്ചപ്പോൾതന്നെ പിന്തുണയുമായി അണികൾ ജയ് വിളി തുടങ്ങിയിരുന്നു. ഒ പി എസ് നിലപാട് വ്യക്തമാക്കിയതോടെ ചെന്നൈയിലെ ചില ഭാഗങ്ങളിൽ ശശികലയുടെ പോസ്റ്ററുകൾ നശിപ്പിക്കപ്പെട്ടു. പടക്കം പൊട്ടിച്ചും കൂകിവിളിച്ചുമാണ് അണികൾ ഒ പി എസിന് പിന്തുണയയിച്ചത്.
പനീർശെൽവത്തിന്റെ നിലപാടിൽ സന്തോഷമുണ്ടെന്ന് വിമത അണ്ണാ ഡി എം കെ എം പി ശശികല പുഷ്പ പ്രതികരിച്ചു. തന്നെ നിർബന്ധിച്ച് രാജി വയ്പ്പിച്ച പോലെ ഒ പി എസിനേയും അവർ ചെയ്തു. അദ്ദേഹത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ ശക്തമായ വിമർശനമാണ് ലോക്സ ഡെപ്യൂട്ടി സ്പീക്കർ തമ്പിദുരൈ നടത്തിയത്. അസംബന്ധം പറയുന്ന ഒരു മുഖ്യമന്ത്രി ആവശ്യമുണ്ടോയെന്ന് ജനങ്ങൾ ചിന്തിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർ ഉടൻ എത്തി സത്യപ്രതിജ്ഞ നടത്തുമെന്നാണ് കരുതുന്നത്.
മുതിർന്ന നേതാവ് മൈത്രേയനുൾപ്പെടെ നിരവധി പേർ പനീർശെൽവത്തിന്റെ പാളയത്തിലെത്താനാണ് സാധ്യത. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ തയ്യാറെടുക്കുന്ന ശശികലക്ക് കാര്യങ്ങൾ അത്ര എളുപ്പമാവില്ലെന്നാണ് പുതിയസംഭവവികാസങ്ങൾ സുചിപ്പിക്കുന്നത്.
