പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നീ രാസപദാര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യമാണ് പ്രമുഖ ബ്രാന്റുകളുടെ ബ്രെഡ്, ബര്‍ഗര്‍, പിസ്സ എന്നിവയില്‍ കണ്ടെത്തിയത്. ഇവയില്‍ പൊട്ടാസ്യം ബ്രോമേറ്റ് കാറ്റഗറി 2ബി വിഭാഗത്തില്‍ പെടുന്ന, ക്യാന്‍സറിന് കാരണമാവുന്ന രാസപദാര്‍ത്ഥമാണ്. പൊട്ടാസ്യം അയൊഡേറ്റ് തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ബ്രെഡ് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിയുള്ള മാവ് തയ്യാറാക്കുമ്പോഴാണ് ഇവ ഉപയോഗിക്കാറുള്ളത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് കണ്ടെത്തിയതിനാല്‍ ഇവ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്നത് പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ ഇവ ഉപയോഗിക്കുന്നതിന് വിലക്കുകളില്ല. 84 ശതമാനം സാമ്പിളുകളിലും ഈ രാസവസ്തുക്കളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എണ്‍വയോണ്‍മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ചന്ദ്ര ഭൂഷണ്‍ പറഞ്ഞു. ന്യൂഡില്‍സുകളില്‍ അധിക അളവ് ലെഡിന്റെ അംശം കണ്ടെത്തിയതിന് പിന്നാലെയാണ് മറ്റൊരു ജനപ്രിയ ഭക്ഷണ ഇനത്തിലും മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന രാസവസ്തുക്കള്‍ ഉണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്.