ദില്ലി: തന്‍റെ വാക്കുകള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെങ്കില്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറെന്ന് കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍. സസ്‌പെന്റ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴാണ് താന്‍ കാരണം പാര്‍ട്ടിയ്ക്ക് ക്ഷീണം സംഭവിച്ചെങ്കില്‍ എന്ത് ശിക്ഷയുമേറ്റുവാങ്ങാമെന്ന തുറന്നുപറച്ചിലുമായി അദ്ദേഹം രംഗത്തെത്തിയത്. 

കോണ്‍ഗ്രസ് പാര്‍ട്ടി ഇല്ലാതെ ഇന്ത്യയ്ക്ക് ഭാവി ഇല്ല. തന്റെ വളര്‍ച്ചയില്‍പാര്‍ട്ടിയ്ക്ക് നിര്‍ണ്ണായകമായ പങ്കുണ്ട്. പാര്‍ട്ടിയ്ക്ക് ക്ഷീണമാകാന്‍ തന്റെ വാക്കുകള്‍ കാരണമായെങ്കില്‍ അതില്‍ ഖേദിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഗുജറാത്തില്‍ മികച്ച വിജയം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയില്‍ പ്രസ്താവനയില്‍ ഖേദം രേഖപ്പെടുത്തി നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞിരുന്നു.

മണിശങ്കര്‍ അയ്യരുടെ മോദിയ്‌ക്കെതിരായ നീച് വ്യക്തി പരാമര്‍ശം ഗുജറാത്തില്‍ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി. മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം കോണ്‍ഗ്രസിന്റെ ഭാഷയാണെന്ന് പറഞ്ഞാണ് നരേന്ദ്ര മോദി വിഷയത്തില്‍ തിരിച്ചടിച്ചത്. താന്‍ താണ സമുദായത്തില്‍ നിന്നുള്ള ആള്‍ തന്നെയാണെന്ന് പറഞ്ഞ നരന്ദ്രമോദി, മരണത്തിന്റെ വ്യാപാരിയാണെന്നും തന്നെ ജയിലിലടക്കണമെന്നും ആവശ്യപ്പെട്ടവരാണ് കോണ്‍ഗ്രസുകാരനെന്നും പറഞ്ഞു.

അതേസമയം തരംതാണ ജാതിക്കാരന്‍ എന്നല്ല, തരംതാണ ഭാഷ നരേന്ദ്ര മോദി ഉപയോഗിച്ചു എന്നാണ് പറഞ്ഞതെന്ന് മണിശങ്കര്‍ അയ്യര്‍ പിന്നീട് വിശദീകരിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്ക് അംബേദ്കറെ കുറിച്ച് ഒന്നുംഅറിയില്ല എന്നൊക്കെ മോദി പറഞ്ഞതിന് മറുപടി നല്‍കുക മാത്രമെ ഉദ്ദേശിച്ചുള്ളു. താരംതാണ ഭാഷ എന്ന് പറയാന്‍ നീച്ച് എന്ന ഹിന്ദി വാക്ക് ഉപയോഗിച്ചത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും മണിശങ്കര്‍ അയ്യര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തത്.