തൃശൂര്‍: ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് വധകേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. സിപി ഉദയഭാനുവിനെതിരെ നിര്‍ണ്ണായക തെളിവ്. രാജീവിന്‍റെ വീട്ടില്‍ ഉദയഭാനു പലതവണ വന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി രാജീവിന്‍റെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് പൊലീസിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചത്. അതേസമയം സി.പി ഉദയഭാനു ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നില്‍കും.

 പൊലീസിന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ രാജീവും ഉദയഭാനുവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണ്. ദൃശ്യങ്ങള്‍ ഉടന്‍ തന്നെ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. എന്നാല്‍ ഉദയഭാനുവും രാജീവും തമ്മില്‍ തെറ്റുകയും ഉദയഭാനുവില്‍ നിന്ന് രാജീവിന് ഭീഷണി ഉണ്ടായിരുന്നതിന്‍റെ തെളിവുകളും പൊലീസിന്‍റെ പക്കലുണ്ട്. കേസിലെ ഗൂഢാലോചന കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നാണ് സൂചന.

തനിക്കും പിതാവിനും ക്വട്ടേഷന്‍ സംഘത്തിന്‍റെ ഭീഷണിയുണ്ടായിരുന്നെന്ന് രാജീവിന്‍റെ മകന്‍ അഖില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. രാജീവിന്‍റെ കൊലപാതകത്തില്‍ ഉദയഭാനുവിന് പങ്കുണ്ടെന്ന് കരുതുന്നുവെന്നും അഖില്‍ പറഞ്ഞു. ഉദയഭാനുവും രാജീവും തമ്മില്‍ കോടികളുടെ വസ്തു ഇടപാടുകള്‍ നടത്തിയിരുന്നു, ഈ രേഖകളെല്ലാം തന്‍റെ പക്കലുണ്ട്. ചാക്കര ജോണിയുടെ അനധികൃത സ്വത്തുക്കളും രാജീവിന്‍റെ പക്കല്‍ ഉണ്ടായിരുന്നു. ഇതിന്‍റെ രേഖകള്‍ ഉദയഭാനുവിനും നല്‍കിയിരുന്നു. ഇടപാടുകള്‍ രാജിവിന്‍റെ പരിയാരത്തെ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും ഇത് നശിപ്പിക്കപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും അഖില്‍ പറഞ്ഞിരുന്നു