Asianet News MalayalamAsianet News Malayalam

യഥാര്‍ത്ഥ ജീവിതത്തിലെ 'ഗജനിയാണ്' ഈ യുവാവ്

അപകടത്തില്‍ ചെനിന്‍റെ ഭൂതകാല ഓര്‍മ്മകള്‍ എല്ലാം വിസ്മൃതിയിലായി. ഇപ്പോള്‍ ജീവിക്കുന്ന ചുറ്റുപാടുകളിലെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്നത് 15 മിനുട്ട് മാത്രം. അതിനാല്‍ പ്രധാനപ്പെട്ട വിവരങ്ങള്‍ ഒരു ചെറിയ നോട്ട് ബുക്കില്‍ കുറിച്ച് വെക്കുകയാണ് ചെനിന്റെ പതിവ്

Real life Gajani, A Notebook Is His Only Memoir
Author
Taiwan, First Published Nov 19, 2018, 8:57 PM IST

തായ്‌പേയ് : ചെന്‍ ഹോങ് ഷി എന്ന തായ്വാന്‍ സ്വദേശിയായ യുവാവിനെ നമ്മുക്ക് പെട്ടെന്ന് പരിചയം കാണില്ല. പക്ഷെ ഇന്ത്യക്കാര്‍ ഏറെ കണ്ട് പരിചയമുള്ള സിനിമയായ ഗജനിയിലെ പോലെ ഒരാള്‍ എന്ന് പറഞ്ഞാലോ?, അതെ ആ സിനിമയിലെ നായകനെപ്പോലെ ജീവിക്കുന്ന വ്യക്തിയാണ് ഇരുപത്തിയാറുകാരനായ ചെന്‍ ഹോങ് ഷി. ഒന്‍പത് കൊല്ലം മുന്‍പാണ് ഇദ്ദേഹത്തിന്‍റെ ഗജനി ജീവിതം ആരംഭിക്കുന്നത്.അപകടത്തില്‍ തലയ്ക്ക് സാരമായ പരിക്കേറ്റ ചെനിന്റെ ഓര്‍മ്മകളെ ക്രമീകരിക്കുന്ന മസ്തിഷ്‌ക ഭാഗത്തിന് ക്ഷതമേറ്റിരുന്നു. ക്ഷതമേറ്റതിനെ തുടര്‍ന്ന് ഈ മസ്തിഷ്‌ക ഭാഗത്തിന്റെ കുറെ ഭാഗങ്ങള്‍ നീക്കം ചെയ്തിരുന്നു. 

അപകടത്തില്‍ ചെനിന്‍റെ ഭൂതകാല ഓര്‍മ്മകള്‍ എല്ലാം വിസ്മൃതിയിലായി. ഇപ്പോള്‍ ജീവിക്കുന്ന ചുറ്റുപാടുകളിലെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്നത് 15 മിനുട്ട് മാത്രം. അതിനാല്‍ പ്രധാനപ്പെട്ട വിവരങ്ങള്‍ ഒരു ചെറിയ നോട്ട് ബുക്കില്‍ കുറിച്ച് വെക്കുകയാണ് ചെനിന്റെ പതിവ്. നോട്ട്ബുക്കില്‍ കുറിച്ച വിവരങ്ങളുടെ സഹായത്താല്‍ നഷ്ടമായ ഒരു ഫോണ്‍ ചെന്‍ കണ്ടെത്തിയിരുന്നു. മസ്തിഷ്‌കത്തിന്‍റെ ഭൂരിഭാഗം നഷ്ടമായ ഒരാള്‍ക്ക് ചെയ്യാവുന്നതിലുപരി ചെന്‍ ചെയ്യുന്നുണ്ടെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍ ലിന്‍ മിങ്‌ടെങ് പറയുന്നത്. വിവരങ്ങള്‍ സ്വീകരിക്കുവാനും ക്രമീകരിക്കുവാനും ചെനിന് അസാധ്യമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ചെന്നിനെ നാട്ടുകാര്‍ 'നോട്ട്ബുക്ക് ബോയ്' എന്നാണ് വിളിക്കുന്നത്. ഒരിക്കല്‍ ചെനിന്റെ നോട്ട് ബുക്ക് നഷ്ടമായതിനെ തുടര്‍ന്ന് ചെന്‍ വളരെ ബുദ്ധിമുട്ടിയിരുന്നു. പിന്നീട് ചെനിന്റെ അച്ഛന്‍ പുസ്തകം കണ്ടെത്തിക്കൊടുത്തതും ചെന്‍ നോട്ട്ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

അറുപത്തിയഞ്ചുകാരിയായ രണ്ടാനമ്മ വാങ് മിയാവോ ക്യോങ്ങിനൊപ്പമാണ് ചെന്‍ താമസിക്കുന്നത്. അച്ഛന്‍റെ മരണശേഷം ഭിന്നശേഷിയുള്ളവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ധനസഹായത്തുക ആശ്രയിച്ചാണ് ഇവര്‍ ജീവിക്കുന്നത്. വീട്ടില്‍ ചെറിയ കൃഷിയുമുണ്ട്. കൃഷി വിളകള്‍ അയല്‍ക്കാര്‍ക്ക് നല്‍കി പകരം അവശ്യ വസ്തുക്കള്‍ അവരില്‍ നിന്ന് വാങ്ങുകയും ചെയ്യുന്നു.

Follow Us:
Download App:
  • android
  • ios