റോണോയ്ക്ക് സഹതാരങ്ങളുടെ വികാരഭരിതമായ യാത്രയപ്പ്
മാഡ്രിഡ്: എല്ലാ ട്രാന്‍സ്‌ഫര്‍ വിന്‍ഡോകളിലും കേള്‍ക്കുന്ന ഒരു പേര്. പതിവുപോലെ ഇത്തവണ ആ പേര് കേട്ടു. അല്‍പം മുഴക്കം കൂടുതലുണ്ടായിട്ടും അതാരും കാര്യമായെടുത്തില്ല. ലോകകപ്പ് പാതിവഴി പിന്നിട്ടപ്പോള്‍ ഒരു സ്വപ്‌നം മാത്രമായി ആരാധകരും സഹതാരങ്ങളും അത് കൊണ്ടുനടന്നു. ഒടുവില്‍ എല്ലാ സസ്‌പെന്‍സുകളും പൊട്ടിച്ച് അയാള്‍ വിഖ്യാത വെള്ളക്കുപ്പായത്തോട് യാത്രപറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ചരിത്രത്തിലെ മികച്ച സ്‌ട്രൈക്കര്‍മാരിലൊരാള്‍ റയല്‍മാഡ്രിഡ് വിട്ടു എന്ന വാര്‍ത്ത ആരാധകര്‍ക്കും സഹതാരങ്ങള്‍ക്കും അതുകൊണ്ട് തന്നെ ഹൃദയഭേദകമാണ്. സാന്‍റിയാഗോ ബെര്‍ണാബ്യൂവിലെ പുല്‍ത്തകിടിക്ക് പോലും ഇപ്പോളും ഇത് വിശ്വസിക്കാനായിട്ടുണ്ടാവില്ല. ഒരു വന്‍മരം വീഴുമ്പോളുണ്ടാകുന്ന ഉലച്ചില്‍ അതിനാല്‍ സ്വാഭാവികം.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ചരിത്ര പുരുഷന്‍ പടിയിറങ്ങിയത് റയലിനെ ഉലയ്ക്കുമെന്ന് സഹതാരങ്ങളുടെ പ്രതികരണം വ്യക്തമാക്കുന്നു. മൂന്ന് സീസണ്‍ കൊണ്ട് ഇതിഹാസ പരിശീലകനെന്ന് പേരെടുത്ത സിനദീന്‍ സിദാന്‍റെ രാജിക്ക് പിന്നാലെ, ഒമ്പത് വര്‍ഷക്കാലം സ്‌പാനിഷ് ക്ലബിനെ വമ്പന്‍മാരായി പിടിച്ചുനിര്‍ത്തിയ അതിമാനുഷനാണ് യൂറോപ്പിലെ മറ്റൊരു മൈതാനത്തേക്ക് പലായനം ചെയ്തത്.
വികാരഭരിതമായാണ് റോണോയുടെ പടിയിറക്കത്തോട് റയല്‍ ആരാധകരും സഹതാരങ്ങളും പ്രതികരിച്ചത്. റയല്‍ നായകന്‍ സെര്‍ജിയോ റാമോസ്, സഹതാരങ്ങളായ ടോണി ക്രൂസ്, കസമിറോ, ഗാരെത് ബെയ്‌ല്‍, ലൂക്കാസ് വാസ്‌കസ്, നാച്ചോ ഫെര്‍ണാണ്ടസ് തുടങ്ങിയവരുടെ പ്രതികരണത്തില്‍ കണ്ണീരുണ്ടായിരുന്നു, ബെര്‍ണാബ്യൂവിലെ പുല്‍നാമ്പില്‍ കുരുത്ത മഞ്ഞുകണം പോലെ.
