റൊണാള്‍ഡോ യുവന്‍റസിലേക്ക് പോകുമെന്നാണ് അഭ്യൂഹം
മാഡ്രിഡ്: ലോകകപ്പിന്റെ ആരവങ്ങള്ക്ക് ശേഷം ക്ലബ് യുദ്ധങ്ങള്ക്ക് വീണ്ടും തുടക്കമാകുമ്പോള് പല താരങ്ങളും മറ്റു ടീമുകളിലേക്ക് കുടിയേറുന്നത് സ്ഥിരമാണ്. കഴിഞ്ഞ തവണ ജെയിംസ് റോഡിഗ്രസ് റയലില് എത്തിയത് തന്നെ ഉദാഹരണം. റഷ്യന് ലോകകപ്പ് ക്വാര്ട്ടറിന്റെ ആവേശത്തിലേക്ക് കടക്കുമ്പോള് ട്രാന്സ്ഫര് അഭ്യൂഹങ്ങളില് മുന്നില് നില്ക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്ഡോ, നെയ്മര്, എംബാപെ എന്നീ പേരുകളാണ്. റൊണാള്ഡോ റയല് വിടുമെന്ന വാര്ത്തകളാണ് വരുന്നതെങ്കിലും നെയ്മറും എംബാപെയും റയലിലെത്തുമെന്ന തരത്തിലാണ് അഭ്യൂഹങ്ങള് പ്രചരിച്ചത്.
എന്നാല്, ഇപ്പോള് എംബാപെയുടെ കാര്യത്തില് നിലപാട് വ്യക്തമാക്കി റയല് അധികൃതര് തന്നെ രംഗത്ത് എത്തി. ഫ്രാന്സിന്റെ മിന്നും താരവുമായി കരാറിലായെന്ന വാര്ത്ത തെറ്റാണെന്നാണ് റയലിന്റെ വിശദീകരണം. എംബാപെയുമായി ഒരു തരത്തിലുള്ള ചര്ച്ചകളും നടത്തിയിട്ടില്ലെന്നും ക്ലബ് വ്യക്തമാക്കി. നേരത്തേ നെയ്മറും റയലിലെത്തുമെന്ന തരത്തില് വാര്ത്തകള് പരന്നിരുന്നു.
ലോകകപ്പില് മികച്ച പ്രകടനമാണ് ഫ്രാന്സിന് വേണ്ടി എംബാപെ കാഴ്ചവെയ്ക്കുന്നത്. ഇതോടെ താരം റയലിലെത്തുന്നതില് ആരാധകര് സന്തോഷത്തിലായിരുന്നു. റൊണാള്ഡോ യുവന്റസിലേക്ക് പോകുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പരന്നതോടെ മറ്റൊരു സൂപ്പര് താരത്തെ ക്ലബ് എത്തിക്കുമെന്ന പ്രതീക്ഷയില് തന്നെയാണ് ആരാധകര്.
