വിവാദചിത്രങ്ങൾ വൈറലായതോടെ ഇവ ആദ്യം പോസ്റ്റ് ചെയ്ത രാജേഷ് കുറുപ്പ് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് ഇവ പിൻവലിച്ചു.
തിരുവനന്തപുരം: അയ്യപ്പവിഗ്രഹം നെഞ്ചിൽ ചേർത്തുനിൽക്കുന്ന ശബരിമല തീര്‍ത്ഥാടകനെ പൊലീസ് ചവിട്ടുന്നതും തലയറുക്കാൻ ശ്രമിക്കുന്നതുമായി ചിത്രീകരിച്ചിരിക്കുന്ന ഫോട്ടോകൾ ഉപയോഗിച്ചാണ് ഏതാനം ദിവസങ്ങളായി വ്യാജ പ്രചാരണം നടക്കുന്നത്. പൊലീസ് ബൂട്ടുകൊണ്ട് ഭക്തന്‍റെ നെഞ്ചിൽ ആഞ്ഞു ചവിട്ടുന്നതായും അരിവാൾ കൊണ്ട് കഴുത്തറുക്കാൻ ശ്രമിക്കുന്നതുമായാണ് ചിത്രീകരണം. മാവേലിക്കര സ്വദേശിയായ ‘രാജേഷ് കുറുപ്പ്’ എന്ന ആർഎസ്എസ് പ്രവർത്തകനാണ് ചിത്രം ആദ്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. മധു കൃഷ്ണ എന്ന സുഹൃത്ത് ഒരു ഫോട്ടോ ഷൂട്ടിന്‍റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് ഇവ എന്നാണ് വിശദീകരണം. രാജേഷ് കുറുപ്പ് തന്നെയാണ് ഫോട്ടോ ഷൂട്ടിൽ ശബരിമല തീർത്ഥാടകനായി അഭിനയിച്ചിരിക്കുന്നതും.

രാജേഷ് കുറുപ്പിന്‍റെ പോസ്റ്റ് എത്തിയതിന് തൊട്ടുപിന്നാലെ ഈ ചിത്രങ്ങൾ രാജ്യവ്യാപകമായി വൈറലായി. നിരവധി ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ യഥാർത്ഥ സംഭവചിത്രം എന്ന വ്യാജേന എത്തിയ ചിത്രങ്ങൾ പതിനായിരക്കണക്കിന് ആളുകൾ ഷെയർ ചെയ്തു. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് കന്നട ഹിന്ദി ഭാഷകളിലെല്ലാം ഈ ചിത്രങ്ങൾ പ്രചരിച്ചു.

ആം ആദ്മി പാർട്ടിയുടെ ദില്ലിയിലെ എംഎൽഎ കപിൽ മിശ്ര ഇതിലൊരു ചിത്രം ട്വീറ്റ് ചെയ്തത് ഈ അടിക്കുറിപ്പോടെയാണ്.
‘ഈ വിശ്വാസിയുടെ കണ്ണിൽ ക്രൂരതയോടുള്ള ഭയമില്ല, അടിച്ചമർത്തലിനോടും ഭയമില്ല, ഇതാണ് വിശ്വാസത്തിന്‍റെ ശക്തി’. ആയിരത്തിയഞ്ഞൂറിലേറെപ്പേർ കപിൽ മിശ്രയുടെ ട്വീറ്റ് ഇതിനകം റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി ഫേസ്ബുക്കിലും ട്വിറ്ററിലും ഷെയർ ചെയ്ത ചിത്രത്തിനൊപ്പം എഴുതിയത് ‘അയ്യപ്പഭക്തരോട് കേരള സർക്കാർ കാണിക്കുന്ന അക്രമം കാണൂ’ എന്നാണ്.
രണ്ടിടത്തും ആയിരക്കണക്കിന് ആളുകൾ കൂടുതൽ തീവ്രമായ വിശേഷണങ്ങളോടെ ചിത്രം പങ്കിട്ടു. അഭിപ്രായ രൂപീകരണത്തിന് സ്വാധീന ശേഷിയുള്ള നിരവധി ആളുകൾ ചിത്രങ്ങൾ ഷെയർ ചെയ്തതോടെ ഇവ ഇപ്പോൾ രാജ്യം മുഴുവൻ സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യമെമ്പാടും വ്യാപിക്കുകയാണ്. ആയിരക്കണക്കിന് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും ചിത്രങ്ങൾ കാട്ടുതീ പോലെ പ്രചരിക്കുന്നു.

ചിത്തിര ആട്ടവിശേഷ ചടങ്ങുകൾക്കായി ശബരിമല നട തുറക്കാനിരിക്കെയാണ് വ്യാജ ചിത്രത്തിന്‍റെ പ്രചാരം ഏറിയത്. ഈ വ്യാജപ്രചാരണത്തിനെതിരെ ഫേസ്ബുക്കിലും ട്വിറ്ററിലും നിരവധി പേര്‍ എതിര്‍ പ്രചാരണവും തുടങ്ങിയിട്ടുണ്ട്.
വിവാദചിത്രങ്ങൾ വൈറലായതോടെ ഇവ ആദ്യം പോസ്റ്റ് ചെയ്ത രാജേഷ് കുറുപ്പ് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് ഇവ പിൻവലിച്ചു.
