പ്രദേശത്തെ പല വീടുകളിലെയും കിണറുകള്‍ക്കുള്ളില്‍ ഗുഹ കണ്ടെത്തി. 485 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പ്രദേശത്ത് വിള്ളല്‍ ബാധിച്ചതെന്ന് പഠനത്തില്‍ കണ്ടെത്തി.

മലപ്പുറം: മലപ്പുറം പെരുമണ്ണക്ലാരിയില്‍ ഭൂമി വിണ്ടുകീറിയതിനുള്ള കാരണം സോയില്‍ പൈപ്പിംഗ് (ഭൂമിക്കടിയിലെ മണ്ണൊലിപ്പ്)പ്രതിഭാസമെന്ന് വിദഗ്ധ സംഘം സ്ഥിരീകരിച്ചു. ദേശീയ ഭൗമശാസ്‌ത്ര കേന്ദ്രത്തിലെ സീനിയര്‍ കണ്‍സല്‍റ്റന്റ് ജി.ശങ്കറിന്റെ നേതൃത്വത്തില്‍ വിദഗ്ധസംഘം പ്രദേശത്തു പഠനം നടത്തിയാണ് ഭൂമി പിളരാനുള്ള കാരണം ഭൂമിക്കടിയിലെ മണ്ണൊലിപ്പാണെന്നു കണ്ടെത്തിയത്. മണ്ണൊലിപ്പു കാരണം ഗര്‍ത്തം, ഗുഹ എന്നിവ ഉണ്ടാകുകയും വീടുകള്‍ താഴുകയും ചെയ്തതായി ജി.ശങ്കര്‍ പറഞ്ഞു. പ്രദേശത്ത് ഗുഹ കണ്ടെത്തിയിട്ടുണ്ട്. അതെക്കുറിച്ചുള്ള പഠനവും നടത്തി.

അഞ്ചു വര്‍ഷം മുമ്പാണ് പെരുമണ്ണക്ലാരി പഞ്ചായത്തിലെ കഞ്ഞിക്കുഴിങ്ങരയില്‍ ഭൂമിയില്‍ വിള്ളല്‍ ആദ്യമായി കണ്ടത്.ചെറിയ വിള്ളല്‍ പിന്നീട് പലപ്പോഴായി വലുതായി വരികയായിരുന്നു.അടുത്തിടെ പെയ്ത മഴയില്‍ ഭൂമി 70 മീറ്ററോളം നീളത്തില്‍ വലിയ തോതില്‍ വിണ്ടുകീറി.ഇതോടെ സമീപവാസികള്‍ അപകട ഭീഷണിയിലായി. ഇത്തരം പ്രദേശങ്ങളില്‍ വീടുവയ്‌ക്കുമ്പോള്‍ ശ്രദ്ധിക്കണം. കിണറുകളെയും ഇതു ബാധിക്കും.

പ്രദേശത്തെ പല വീടുകളിലെയും കിണറുകള്‍ക്കുള്ളില്‍ ഗുഹ കണ്ടെത്തി. 485 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പ്രദേശത്ത് വിള്ളല്‍ ബാധിച്ചതെന്ന് പഠനത്തില്‍ കണ്ടെത്തി. വിള്ളല്‍വീണ വീടും ഇതില്‍ ഉള്‍പ്പെടും. പ്രദേശത്തെ പലഭാഗങ്ങളെയും ഈ പ്രതിഭാസം ബാധിച്ചിട്ടുണ്ട്. സമീപത്തെ റോഡ്പോലും ഭീഷണി നേരിടുന്നു. ഭൂമിക്ക് മൂന്നുതരം പാളികളാണുള്ളത്. ചെങ്കല്‍, കളിമണ്ണ്, പാറ എന്നിവയാണവ. കളിമണ്ണ് ഇല്ലാതാകുന്നതോടെ ചെങ്കല്‍പാളികള്‍ വിടരുകയും ഭൂമി താഴുകയും ചെയ്യുമെന്ന് പഠനസംഘം പറഞ്ഞു.