അറസ്റ്റിലായ പ്രതി ഈട് ഇല്ലാതെ കൂടുതൽ തുക വായ്‌പ ആവശ്യപ്പെട്ടിരുന്നു

കോഴിക്കോട്: കൈതപൊയിലിൽ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ സാജു കുരുവിളയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊന്ന കേസിലെ പ്രതി പിടിയിലായി. തിരൂർ തലകടത്തൂരിൽ നിന്നാണ് പ്രതി സുമേഷ് പോലീസിന്റെ പിടിയിലായത്. തെളിവെടുപ്പിനായി പ്രതിയെ കൈതപൊയിലിലേക്ക് കൊണ്ടുപോകും. ഏറെ നാളായി കൈതപൊയിലിൽ വാടകയ്ക്ക് താമസിക്കുന്ന സുമേഷ് ഈട് ഇല്ലാതെ കൂടുതൽ തുക വായ്‌പ ആവശ്യപ്പെട്ട് സാജു കുരുവിളയുടെ സ്ഥാപനത്തിൽ എത്തിയിരുന്നു. 

തുക നല്കാനാകില്ലെന്ന പറഞ്ഞു സാജു ഇയാളെ മടക്കി അയച്ചു. ഇതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. വായ്പ ചോദിച്ചു എത്തിയപ്പോൾ പെരുമാറ്റത്തിൽ സംശയം തോന്നി കുരുവിള ഇയാളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ പൊലീസിന് സഹായമായത്. പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയവേ സുമേഷ് തന്നെയാണ് ആക്രമണം നടത്തിയതെന്ന് കുരുവിള പോലീസിന് മൊഴി നൽകിയിരുന്നു.