കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്ക് നല്‍കിയിരിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ പുന:പരിശോധിക്കാന്‍ തീരുമാനം. 2014-ന് ശേഷം നല്‍കിയ ലൈസന്‍സുകളാണ് പുന:പരിശോധിക്കുകയെന്ന് ഗതാഗത മന്ത്രാലയത്തെ ഉദ്ദരിച്ച് പ്രദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. വിദേശികള്‍ക്ക് 2014-നുശേഷം അനുവദിച്ചിരിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ അവ അനുവദിച്ച ഓഫീസുകളിലെത്തിച്ച് പുതുക്കണമെന്ന് ഗതാഗത മന്ത്രാലയ ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫഹദ് അല്‍ഷൂവൈയെ ഉദ്ദരിച്ച് പ്രദേശിക ഇംഗ്ലീഷ് പത്രമായ അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലൈസന്‍സ് നല്‍കിയിരിക്കുന്നതിന്റെ ഉദ്ദേശ്യം പരിശോധിക്കുന്നതിന് അധികൃതരെ സഹായിക്കാനാണ് പ്രസ്തുത നിര്‍ദേശം നല്‍കിയിരിക്കുന്നത് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍,അനധികൃതമായി ലൈസന്‍സുകള്‍ കൈവശപ്പെടുത്തിയവ കണ്ടെത്താനുമാണ് നീക്കമെന്നറിയുന്നു. അനുവദിച്ചിരിക്കുന്ന തസ്തികയില്‍ ലൈസന്‍സ് കരസ്ഥമാക്കിയ ശേഷം ജോലിയില്‍ മാറ്റം വരുത്തിയിരിക്കുന്ന വ്യക്തി, ഡ്രൈവിംഗ് ലൈസന്‍സിന് അയോഗ്യനാണെങ്കില്‍ അയാളുടെ ലൈസന്‍സ് റദ്ദാക്കാനാണ് വകുപ്പിന്റെ തീരുമാനം.

2014-ലായിരുന്നു വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഗതാഗത മന്ത്രാലയം നടപ്പില്‍ വരുത്തിയത്.ഇതനുസരിച്ച് ബിരുദമുള്ളവര്‍, മന്ദൂപ്,ഡ്രൈവര്‍, തുടങ്ങി മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്ന ചില രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലൈസന്‍സ് അനുവദിക്കും.എന്നാല്‍ ഇത്തരത്തില്‍ ലൈസന്‍സ് കരസ്ഥമാക്കിയവര്‍ പിന്നീട് ജോലി മാറുമ്പോള്‍, പ്രസ്തുത തസ്തികയക്ക് ഡ്രൈവിംഗ് ലൈസന്‍സിന് ബാധകമാണങ്കെില്‍ മാത്രമേ അനുവദിക്കൂ.

നേരെത്ത ഗാര്‍ഹിക വിസയിലുള്ള ഡ്രൈവര്‍മാര്‍ ഒഴികെയുള്ള വിദേശികള്‍ക്ക് 10 വര്‍ഷത്തേക്കായിരുന്നു ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയിരുന്നത്. 2015-മുതല്‍ ഇത് ഇഖാമയുടെ കാലാവധിയുമായി ബന്ധിപ്പിച്ചാണ് എല്ലാം വിഭാഗക്കാര്‍ക്കും ലൈസന്‍സ് നല്‍കി വരുന്നത്.എന്നിട്ടും, കഴിഞ്ഞ അടുത്ത കാലത്ത് വരെയായി 10 വര്‍ഷത്തേക്ക് പലരും ലൈസന്‍സ് കരസ്ഥമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് അടക്കമുള്ളവ പരിശോധിക്കാനാണ് പുതിയ നിര്‍ദേശമെന്നറിയന്നു.