
പാലക്കാട്: അത്യുഷ്ണത്തില്‍ ഉരുകി പാലക്കാട്. സംസ്ഥാനത്ത് 2010 ന് ശേഷമുള്ള ഉയര്‍ന്ന താപനിലയായ 41.9 ഡിഗ്രി സെല്‍ഷ്യസ് ഇന്ന് മലമ്പുഴയില്‍ രേഖപ്പെടുത്തി. മുണ്ടൂരില്‍ 40.5 ഡിഗ്രി ആണ് ഇന്നത്തെ താപനില. കൂടെതെ അന്തരീക്ഷ ആര്‍ദ്രത 77ലെത്തിയിട്ടുണ്ട്. അന്തരീക്ഷ ആര്‍ദ്രത ഉയര്‍ന്നതും മേഘാവൃതമായ അന്തരീക്ഷവുമാണ് ചൂട് ഉയരാന്‍ കാരണം.
ജില്ലയില്‍ നൂറിലധികം പേര്‍ക്ക് ഇതുവരെ സൂര്യാഘാതം ഏറ്റതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇന്ന് വാളയാറിലെ പരിശീലന ക്യാമ്പില്‍ രണ്ട് ട്രെയിനികള്‍ക്ക് സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് ഔദ്യോഗിക കണക്കുകള്‍ മാത്രമാണ്.
പാലക്കാട് ജില്ലയ്ക്ക് പുറമെ മറ്റു ജില്ലകളിലും താപനില കുതിച്ചുയരുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് കണ്ണൂരും കോഴിക്കോടും ഈ വേനലില്‍ രേഖപ്പെടുത്തിയത്. ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 39.1 ഡിഗ്രി സെല്‍ഷ്യസാണ്.
വേനല്‍ മഴയിലുണ്ടായ കുറവാണ് ചൂട് ഇത്തരത്തില്‍ കൂടാന്‍ കാരണമെന്ന് കാലാവസ്ഥാ വിദഗ്ദ്ധരുടെ അഭിപ്രായം. അടുത്ത രണ്ടാഴ്ച്ച വീണ്ടും ചൂട് വര്‍ദ്ധിക്കാമെന്നും കാലാവസ്ഥ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മേയ് മാസത്തിലും തല്‍സ്ഥിതി തന്നെ തുടരുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന.വേനല്‍ മഴയില്‍ 56 ശതമാനത്തിന്റെ കുറവാണ് സംസ്ഥാനത്ത് ഇത്തവണ ഉണ്ടായത്. 118മില്ലീമീറ്റര്‍ മഴകിട്ടേണ്ട സ്ഥാനത്ത് ആകെ ലഭിച്ചത് 52 മില്ലീമീറ്റര്‍ മാത്രമാണ്.
